സ്വന്തം ലേഖകൻ: സ്മാർട്ട്ഫോൺ മോഷണം പോയാൽ ചില കാര്യങ്ങൾ അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. കാരണം ബാങ്കിങിനും, ഷോപ്പിങ്ങിനും, വീഡിയോ കാണാനും എന്ന് വേണ്ട എല്ലാ കാര്യത്തിനും നാം ഇന്ന് സ്മാർട്ട്ഫോണുകളെയാണ് ആശ്രയിക്കാറുള്ളത്. മാത്രമല്ല നമ്മുടെ വ്യവ്യക്തിഗത വിവരങ്ങളും സ്വകാര്യ ഫോട്ടോകളുമെല്ലാം ഫോണിലുണ്ടായിരിക്കും.
നിങ്ങളുടെ പല ഓൺലൈൻ ബാങ്കിങ് സേവനങ്ങളുടെയും ഒടിപി നമ്പർ വരുന്നത് ഫോണിലായതുകൊണ്ട് മോഷ്ടാക്കൾക്ക് ഈ നമ്പർ ലഭിക്കാതിരിക്കാൻ സിം കാർഡ് ഉടനടി ബ്ലോക്ക് ചെയ്യണം. നിങ്ങൾക്ക് ഒരു പുതിയ സിം കാർഡ് ഉപയോഗിച്ച് പഴയ മൊബൈൽ നമ്പർ ഉപയോഗിക്കുന്നത് തുടരാം. എന്നാൽ നിങ്ങളുടെ പഴയ മൊബൈൽ നമ്പറിന് ഒരു പുതിയ സിം കാർഡ് ലഭിക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും കുറച്ച് സമയമെടുത്തേക്കാം. ഈ കാലയളവ് നിർണായകമാണ്, കള്ളന്മാർ ഇത് പ്രയോജനപ്പെടുത്തിയേക്കാം. അതുകൊണ്ട് ഉടൻ സിം കാർഡ് ബ്ലോക്ക് ചെയ്യുക.
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടനെ ബാങ്കിൽ വിളിച്ച് ഓൺലൈൻ ബാങ്കിംങ് സേവനങ്ങൾ ബ്ലോക്ക് ചെയുക. മൊബൈലിൽ ഒടിപി നമ്പർ വരുന്നത് തുടരുന്നതിനാൽ ഈ സാധ്യതയുപയോഗിച്ച് മോഷ്ടാക്കൾ പണം അപഹരിക്കാൻ സാദ്ധ്യതയുണ്ട്. ഇത് പ്രധാനമാണ്, കാരണം നിങ്ങളുടെ ടെലികോം ഓപ്പറേറ്റർക്ക് സിം ബ്ലോക്ക് ചെയ്യുന്നതിന് കുറച്ച് സമയമെടുത്തേക്കാം. നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെട്ടതിന് ശേഷം അതേ ഫോൺ നമ്പർ ബാങ്കിംഗ് സേവനങ്ങൾക്ക് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. മൊബൈൽ നമ്പർ മാറ്റുന്നതിനും എല്ലാ പാസ്‌വേഡുകളും പുനഃക്രമീകരിക്കുന്നതിനും നിങ്ങളുടെ ബാങ്ക് നേരിട്ട് സന്ദർശിക്കുക.
മോഷ്ടാക്കൾക്ക് നിങ്ങളുടെ ആധാർ ഓതന്റിക്കേഷൻ ഉപയോഗിച്ച് തട്ടിപ്പോ അല്ലെങ്കിൽ ആൾമാറാട്ടമോ നടത്താനുള്ള സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആധാറുമായി ബന്ധപ്പെട്ട നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുക. ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ബ്ലോക്ക് ചെയ്തതിന് ശേഷം മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള UPI-യും മറ്റ് മൊബൈൽ വാലറ്റുകളും ബ്ലോക്ക് ചെയ്യാൻ മറക്കരുത്.
നിങ്ങളുടെ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള പേടിഎം, ഗൂഗിൾ പേ, മറ്റ് മൊബൈൽ വാലറ്റുകൾ എന്നിവയിലേക്കുള്ള ആക്‌സസ് തടയുന്നതിന് ആപ്പ് വഴിയോ അല്ലെങ്കിൽ ഹെല്പ്ഡെസ്കുമായോ ബന്ധപ്പെടുക. നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെടുമ്പോൾ മോഷ്ടിച്ച മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ എല്ലാ ഇമെയിൽ ഐഡിയും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഒന്നുകിൽ അൺഇൻസ്റ്റാൾ ചെയ്യുക. അല്ലെങ്കിൽ പാസ്സ്‌വേർഡ് പുനക്രമീകരിക്കുക. നിങ്ങളുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് വ്യാജ സന്ദേശം അയക്കുന്നതിൽ നിന്നും ഇത് മോഷ്ടാക്കളെ തടയും.
ഇതോടൊപ്പം പ്രധാനമാണ് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഫോൺ നഷ്ടപെട്ട വിവരം റിപ്പോർട്ട് ചെയ്യുക എന്നുള്ളത്. നിങ്ങളുടെ ഫോൺ ഉപയോഗിച്ച് മോഷ്ടാക്കൾ എന്തെങ്കിലും നിയമ വിരുദ്ധമായത് ചെയ്താൽ തന്നെ അത് നിങ്ങളല്ല ചെയ്തത് എന്ന് സമർത്ഥിക്കാനുള്ള രേഖയാണ് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന എഫ്ഐആർ. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ആരെങ്കിലും പണം മോഷ്ടിക്കുന്ന സാഹചര്യത്തിൽ എഫ്ഐആറിന്റെ പകർപ്പ് ബാങ്കുകൾക്കോ വാലറ്റ് കമ്പനികൾക്കോ ആവശ്യമായി വരുന്നതിനാൽ എഫ്ഐആറിന്റെ പകർപ്പ് ചോദിച്ച് വാങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല