സ്വന്തം ലേഖകൻ: പുതുതായി ചുമതലയേറ്റ കുവൈത്ത് സർക്കാറിെൻറ പ്രവർത്തന പദ്ധതികളിൽ പ്രധാന ഇനങ്ങളിലൊന്നായി ജനസംഖ്യ സന്തുലനം സാധ്യമാക്കലും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളലും. കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സ്വന്തം നാട്ടിൽവെച്ച് ഏജൻസികളുടെ സഹായത്തോടെ തൊഴിലാളികളുടെ കഴിവ് പരിശോധിക്കും.
അതത് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രായോഗിക പരിജ്ഞാനം ഉറപ്പാക്കുന്ന പരിശോധനകൾ ഉൾപ്പെടെ നടത്തും. അവിദഗ്ധ തൊഴിലാളികൾ നിയന്ത്രണമില്ലാതെ കുവൈത്തിലെത്തുകയും ഇവർ തൊഴിൽ വിപണിയിലേക്ക് നുഴഞ്ഞുകയറുകയും ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. രാജ്യത്തെ തൊഴിൽ ശക്തിയുടെ ഗുണമേന്മ വർധിപ്പിക്കുകയും ലക്ഷ്യമാണ്. കുവൈത്ത് പൗരന്മാർക്ക് വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകി എന്തു ജോലിയും എടുക്കാൻ പ്രാപ്തരാക്കാൻ നടപടികളുണ്ടാവും. അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള ഏജൻസിയെ റിക്രൂട്ട്മെൻറിന് മുമ്പുള്ള പരിശോധനക്ക് ചുമതലപ്പെടുത്തും. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെയും സഹകരണമുണ്ടാവും.
നിലവിൽ കുവൈത്തിലുള്ള പ്രഫഷനലുകൾക്കും യോഗ്യത പരീക്ഷ നടപ്പാക്കാൻ പദ്ധതിയുണ്ട്. 80 പ്രഫഷനുകളിൽ വിദേശികൾക്ക് യോഗ്യത പരീക്ഷ നടപ്പാക്കും. ഒാരോ വർഷവും 20 പ്രഫഷൻ വീതം ഉൾപ്പെടുത്തി നാലുവർഷം കൊണ്ട് 80 പ്രഷഷനിൽ എത്തിക്കുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയിലെ തൊഴിലാളികളും കഴിവ് തെളിയിക്കേണ്ടിവരും. എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തി ബന്ധപ്പെട്ട തൊഴിലിൽ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. തൊഴിൽവിപണിയുടെ ആവശ്യകതക്കനുസരിച്ച നൈപുണ്യം ഉണ്ടോ എന്നാണ് പരിശോധിക്കപ്പെടുക.
പരീക്ഷയിൽ വിജയിക്കാത്തവരുടെ വിസ ആ പ്രഫഷനിൽ അടിച്ചുനൽകില്ല. ഉൽപാദനക്ഷമത വർധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതുവഴി കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏതൊക്കെ തസ്തികയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. എൻജിനീയർമാർക്കിടയിൽ നടത്തിയ പരിഷ്കരണത്തിെൻറ മാതൃകയിലാവും മറ്റു തസ്തികകളിലേക്കും വ്യാപിപ്പിക്കുക.
എൻജിനീയർമാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എൻജിനിയേഴ്സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് നിബന്ധന ഏർപ്പെടുത്തിയിരുന്നു. സർട്ടിഫിക്കറ്റ് പരിശോധിച്ചും പ്രത്യേക പരീക്ഷ നടത്തിയുമാണ് അവർ എൻ.ഒ.സി നൽകുന്നത്. ഇതേ മാതൃക മറ്റു പ്രഫഷനുകളിലും നടപ്പാക്കുേമ്പാൾ നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല