കുട്ടികളോടൊത്ത് യാത്ര ചെയ്യുമ്പോള്‍ കാറിനുള്ളില്‍ മാതാപിതാക്കളോ ബന്ധുക്കളോ പുകവലിക്കാന്‍ പാടില്ലെന്നുള്ള നിയമത്തിന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം. നിയമം പാസാക്കുന്നത് സംബന്ധിച്ച് വോട്ടെടുപ്പ് നടന്നപ്പോള്‍ 74നെതിരെ 342 വോട്ടുകള്‍ക്കാണ് നിയമം പാസായത്. വരുന്ന ഒക്ടോബര്‍ മാസം പത്താം തിയതി മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ നിയമം നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും മറ്റും നടത്തി വരികയായിരുന്നു. രാഷ്ട്രീയക്കാരില്‍ ചിലര്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഭൂരിപക്ഷം ആളുകളും കുട്ടികളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമെന്ന് കണ്ട് പിന്‍താങ്ങുകയായിരുന്നു.
മാതാപിതാക്കളുടെ പുകവലിയുടെ തോത് കുറയ്ക്കാനും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും ഈ നിയമം ഉപകാരപ്പെടുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ഒറ്റപ്പെട്ട രീതിയിലുള്ള പ്രതിഷേധ സ്വരങ്ങല്‍ ചിലയിടങ്ങളില്‍നിന്ന് ഉയരുന്നതൊഴിച്ചാല്‍ എല്ലാവരും തന്നെ ഈ നിയമത്തെ സ്വാഗതം ചെയ്യുകയാണ്. കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുന്ന അമ്മമാരാണ് ഈ നിയമത്തെ കൂടുതലായും പിന്‍താങ്ങുന്നത്.
പാസീവ് സ്‌മോക്കിംഗില്‍നിന്ന് കുട്ടികളെ രക്ഷപ്പെടുത്താനുള്ള അര്‍ത്ഥപൂര്‍ണമായ തീരുമാനമെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രൊഫസര്‍ ഡെയിം സാലി ഡേവിസ് പ്രതികരിച്ചത്.
നൂറ് ശതമാനം പുക വിമുക്തമായ വീടുകളും കാറുകളും നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടില്‍ നാഷ്ണല്‍ ഡയറക്ടര്‍ ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബിയിംഗ് പ്രൊഫ. കെവിന്‍ ഫെന്റണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല