പൂള്‍: യുകെയിലെ ശ്രീനാരായണീയര്‍ക്ക് ഇതു ചരിത്ര മുഹൂര്‍ത്തം. ഇതുവരെ യുകെകെസിഎയുടെ റാലിയില്‍ മാത്രം കണ്ടിരുന്ന ജനപങ്കാളിത്തം പീത വര്‍ണത്തില്‍ പുന: സൃഷ്ടിച്ച് യുകെയിലെ എസ്എന്‍ഡിപി യോഗം നിശ്ചയദാര്‍ഢ്യത്തിന്റെയും ഐക്യത്തിന്റെയും പുതിയ മാതൃകയായി. സകലമത സാരവുമേകുമെന്നു ലോകത്തിനു നാരായണ ഗുരു പകര്‍ന്നു ന
ല്‍കിയ സന്ദേശം ഉരുവിട്ട് അദ്ദേഹത്തിന്റെ 161ാമതു ജയന്തി പൂളില്‍ വര്‍ണാഭമായ ചടുങ്ങുകളോടെ ആഘോഷിച്ചു. 6170ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടന്ന ജയന്തി ആഘോഷം പൂളില്‍ അക്ഷരാര്‍ഥത്തില്‍ മഞ്ഞക്കടല്‍ തീര്‍ത്തു.
ശാഖായോഗം പ്രസിഡന്റ് സുജിത് ഉദയന്‍ പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ സമാരംഭിച്ചു. യുകെ എസ്എന്‍ഡിപി വനിതാസംഘം പ്രസിഡന്റ് ശ്യാമളാ സതീശനും ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം ടി.എസ്. സതീശനും വത്സമ്മ ഭാസ്‌കരനും ചേര്‍ന്ന് ദീപം തെളിയിച്ചു. തുടര്‍ന്ന് സമൂഹപ്രാര്‍ഥനയും ഗുരുദേവ കീര്‍ത്തനാലപനവും നടന്നു. പിന്നീട് ആവേശകരമായ കലാകായിക മത്സരങ്ങള്‍ അരങ്ങേറി.
ഉച്ചയ്ക്കു നടന്ന സമൂഹസദ്യ കേരളീയ രുചിക്കൂട്ടുകളുടെ സംഗമവേദിയായി. മൂന്നുമണിയോടെ ആരംഭിച്ച ചതയദിന സാംസ്‌കാരിക ഘോഷയാത്ര പൂളില്‍ മഞ്ഞക്കടല്‍ തീര്‍ത്തു. ഘോഷയാത്രയ്ക്കുശേഷം നടന്ന ജയന്തി സാംസ്‌കാരിക സമ്മേളനം ശാഖായോഗം സെക്രട്ടറി വിഷ്ണു നടേശന്‍ ഉദ്ഘാടനം ചെയ്തു. യുകെയില്‍ എസ്എന്‍ഡിപി വളര്‍ച്ചയുടെയും ഐക്യത്തിന്റെയും പടവുകള്‍ കയറുകയാണെന്ന് സെക്രട്ടറി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ശാഖാ മാനേജിംഗ് കമ്മിറ്റിയംഗവും ജയന്തിയാഘോഷ കമ്മിറ്റി ചെയര്‍മാനുമായ രാജേഷ് നടേപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ദൈവദശകം ശതാബ്ദിയാഘോഷത്തിന്റെ ദ്വിവാര സമാപനോത്സവം ശാഖായോഗം പ്രസിഡന്റ് സുജിത് ഉദയന്‍ ഉദ്ഘാടനം ചെയ്തു. യുകെ എസ്എന്‍ഡിപി യോഗം ഐക്യബോധത്തിന്റെയും മതേതര സംസ്‌കാരത്തിന്റെയും അനിവാര്യതയെക്കുറിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും വലിയ സംഘശക്തിയായി മാറുമെന്നും അതിനായി ജാതിമത ചിന്തകള്‍ക്കതീതമായി കൈകോര്‍ക്കുവാനും ആഹ്വാനം ചെയ്തു.
തുടര്‍ന്ന് സുധാകരന്‍ പാലാ ചയദിന സന്ദേശം നല്‍കി മുഖ്യ പ്രഭാഷണം നടത്തി. ഗുരുദേവന്റെ ദര്‍ശനങ്ങളും സിദ്ധാന്തങ്ങളും നടപ്പാക്കുകയും പ്രചരിപ്പിക്കുകയുമാണ് ഓരോ ശ്രീനാരായണീയന്റെയും കര്‍ത്തവ്യമെന്ന് പറഞ്ഞു. യുകെ എസ്എന്‍ഡിപി വനിതാസംഘം പ്രസിഡന്റ് ശ്യാമളാ സതീശന്‍, വൈസ് പ്രസിഡന്റ് അജിതാ ബെന്നി, ശാഖാ പഞ്ചായത്തു കമ്മിറ്റിയംഗം മനു വാസുപ്പണിക്കര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
മത്സര വിജയികള്‍ക്ക് സുജിത് ഉദയന്‍, വിഷ്ണു നടേശന്‍, രാജേഷ് നടേപ്പള്ളി, ടി.എസ്. സതീശന്‍, ശയാമളാ സതീശന്‍, സൗമ്യ ഉല്ലാസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ജയന്തിയാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍കൂടിയായ യൂണിയന്‍ കമ്മിറ്റിയംഗം സൗമ്യ ഉല്ലാസ് സ്വാഗതവും ഷിബു ശ്രീധരന്‍ കൃതജ്ഞതയും പറഞ്ഞു. സമ്മേളനാനന്തരം കുമാരി തുഷാര സതീശന്‍ സംവിധാനം ചെയ്ത നൃത്തനൃത്യങ്ങള്‍ അരങ്ങില്‍ വര്‍ണപ്രപഞ്ചം സൃഷ്ടിച്ചു. ദൈവദശകത്തിന്റെ നൃത്താവിഷ്‌കാരം ഏവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. കുമാരിമാര്‍ ശ്രീലക്ഷ്മി എസ്. വെട്ടത്ത്, അന്‍വിക ബിജു, മേഘ്‌നാ മനു, ശ്രീനന്ദന എസ്. വെട്ടത്ത് എന്നിവരും തുഷാര സതീശനൊപ്പം വേദിയില്‍ വിസ്മയം തീര്‍ത്തു.
മനു വാസുപ്പണിക്കര്‍, മേഘ്‌നാ മനു, ഉല്ലാസ് ശങ്കരന്‍ എന്നിവര്‍ നയിച്ച ഭക്തിഗാനസുധയും ഗാനമേളയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
യൂറോപ്യന്‍ യൂണിയനില്‍തന്നെ ഇഥംപ്രഥമമായി എസ്എന്‍ഡിപി ശാഖയ്ക്കു രൂപം നല്‍കിയ സുജിത് ഉദയനെയും വിഷ്ണു നടേശനെയും സമ്മേളനം പൊന്നാടയണിയിച്ച് ആദരിച്ചു. രാവിലെ 10 ഢമണിക്കാരംഭിച്ച ആഘോഷ പരിപാടികള്‍ രാത്രി വളരെ വൈകിയും തുടര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല