1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2015

കെജെ ജോണ്‍: സ്‌നേഹപ്പൂത്താലം ഒരുക്കി ഉംറ്റാറ്റ മലയാളി സമാജത്തിന്റെ ഓണാഘോഷങ്ങള്‍ സമാപിച്ചു. കളിയുടെയും ചിരിയുടെയും നിറവാര്‍ന്ന കാലം, മലയാളിയുടെ മനസ്സിലൊരുക്കുന്ന ഓണാഘോഷങ്ങളുടെ വര്‍ണാഭമായ കലാവിരുന്നൊരുക്കി, ഉംറ്റാറ്റയില്‍ മലയാളി സമാജത്തിന്റെ ‘ഹൃദയപ്പൂത്താല’ മെന്ന ഓണാഘോഷ പരിപാടി ഒരിക്കലും മറക്കാനാവാത്ത സ്‌നേഹാനുഭവങ്ങളുടെ നിറപുഞ്ചിരിയോടെ, ഏതാണ്ട് ഒരു മാസത്തിലധികം നീണ്ട ആഘോഷങ്ങള്‍ പൂര്‍ത്തിയാക്കി.
ഡോ:മേരിക്കുട്ടി മാമ്മന്‍, ഡോ:അനു ജോര്‍ജ്ജ്, ബിന്ദു തോമസ്സ് എന്നിവരുടെ നേതൃത്വത്തിലുള്ള വിഭവസമൃദ്ധവും രുചിയേറിയതുമായ ഓണസദ്യയോടെ ശനിയാഴ്ച്ച ഉച്ചക്ക് ആരംഭിച്ച ആഘോഷങ്ങള്‍ വൈകിട്ട് 9 മണിയോടെ അവസാനിച്ചു.
ഇന്ത്യ കണ്ടതില്‍വച്ചേറ്റവും ജനകീയനേതാവായി എന്നും എല്ലാ ഇന്ത്യക്കാരുടെയും മനസ്സില്‍ സുസ്ഥിരമായ സ്ഥാനം അലങ്കരിക്കുന്ന ‘സ്വപ്നങ്ങളുടെ രാജകുമാരന്‍’ ശ്രീ എ പി ജെ അബ്ദുള്‍ കലാമിന് പ്രണാമമര്‍പ്പിച്ച് 3.30ക്ക് ആരംഭിച്ച നിറവാര്‍ന്ന കലാപരിപാടികള്‍ സമാജം അധ്യക്ഷന്‍ തോമസ് ജോസഫിന്റെ സ്വാഗതത്തോടെ തുടക്കം കുറിച്ചു.

കലാകമ്മിറ്റി അധ്യക്ഷന്‍ മനോജ് പണിക്കരുടെ നേതൃത്വത്തില്‍ ഏകദേശം 5 മണിക്കൂറിലധികം നീണ്ട മികവാര്‍ന്ന കലാപരിപാടികളില്‍ കുഞ്ഞു കുട്ടികള്‍ മുതല്‍ മുതിര്‍ന്ന അംഗങ്ങള്‍ വരെ പങ്കെടുത്ത വ്യത്യസ്തമാര്‍ന്ന നടന,നാട്യ വിസ്മയം അവിസ്മരണീയമായ അനുഭവമായി.

സമാജം സെക്രട്ടറി കെ.ജെ.ജോണ്‍ ( ജിജു )വിന്റെ കൃതജ്ഞത പ്രസംഗത്തിനു ശേഷം അത്താഴ സദ്യയും ഒരുക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ എറെ ശ്രദ്ധേയമായ, എന്നും ഒരു പൂരപ്പകിട്ടോടെ നടത്താറുള്ള ഉംറ്റാറ്റയിലെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ പതിവുപോലെ ആയിരത്തില്‍ പരം മയിലുകള്‍ക്കകലെയുള്ള പ്രിട്ടോറിയ, ഡര്‍ബന്‍, പോര്‍ട്ട് എലിസബത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വളരെയധികം മലയാളി അതിഥികള്‍ നേരത്തെ തന്നെ എത്തിയിരുന്നു.
സമാജം അദ്ധ്യക്ഷന്‍ തോമസ്സിന്റെ കരവിരുതില്‍ ഏകദേശം 3 മീറ്റര്‍ വ്യാസത്തില്‍ കടഞ്ഞുണ്ടാക്കിയ നടരാജവിഗ്രഹം ഓണാഘോഷ വേദിയുടെ രംഗപടമായി പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

എല്ലാ വര്‍ഷവും പതിവായി ക്രിതുമസ്പുതുവര്‍ഷം, ഈസ്‌റര്‍വിഷു, ഓണം, കേരളപ്പിറവിദിനം എന്നിവ സമുചിതമായി ആഘോഷിക്കുന്ന ഏക പ്രവാസിസമൂഹമായിരിക്കും ഉംറ്റാറ്റയിലെ മലയാളി സമാജം. തോമസ് ജോസഫ് ( സോണി ), കെ ജെ ജോണ്‍ ( ജിജു ), മിനി ഡെന്‍സി എന്നിവരുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ സമാജം ആഘോഷങ്ങള്‍ ഇനി വരുന്ന കേരളപ്പിറവിയോടെ പൂര്‍ത്തിയാക്കി അടുത്ത ഭാരവാഹികളെ തിരഞ്ഞെടുത്ത് ചുമതല കൈമാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.