സ്വന്തം ലേഖകന്‍: അമേരിക്കയുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയ എഡ്വേര്‍ഡ് സ്‌നോഡന് രണ്ടു വര്‍ഷം കൂടി റഷ്യ അഭയം നല്‍കും. രഹസ്യ രേഖകന്‍ ചോര്‍ത്തിയ കേസില്‍ യു.എസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ എഡ്വേഡ് സ്‌നോഡന് രണ്ടു വര്‍ഷത്തേക്കുകൂടി അഭയം നല്‍കാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് റഷ്യ ഇക്കാര്യം അറിയിച്ചത്.
വിക്കിലീക്‌സിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ മാനിംഗിന്റെ ശിക്ഷാ കാലാവധി ഒബാമ ഇളവു ചെയ്ത വാര്‍ത്ത വന്നതിനു പിന്നാലെയാണ് സ്‌നോഡന് കൂടുതല്‍ കാലം റഷ്യയില്‍ തങ്ങാന്‍ അനുമതി ലഭിച്ചിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്. ഒബാമ ഭരണകൂടം ശിക്ഷ ഇളവുചെയ്തവരുടെ കൂട്ടത്തില്‍ സ്‌നോഡന്‍ ഉള്‍പ്പെട്ടിട്ടില്ല. 2013 മുതല്‍ റഷ്യയില്‍ അഭയം തേടിയിരിക്കയാണ് സ്‌നോഡന്‍. റഷ്യയും യു.എസും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തില്‍ നേരത്തേ ഒരു വര്‍ഷത്തേക്കായിരുന്നു താമസത്തിന് അനുമതി നല്‍കിയത്.
ഇതോടെ 2020 വരെ സ്‌നോഡന് റഷ്യയില്‍ താമസിക്കാന്‍ കഴിയും.
യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ ഒട്ടേറെ രഹസ്യരേഖകളുമായി
മുങ്ങിയ സ്‌നോഡന്റെ പാസ്‌പോര്‍ട്ട് യുഎസ് റദ്ദാക്കിയെങ്കിലും ഹോങ്കോംഗില്‍നിന്ന് 2013 ല്‍ അദ്ദേഹം റഷ്യയിലേക്ക് കടക്കുകയായിരുന്നു. അടുത്ത വര്‍ഷം സ്‌നോഡന് റഷ്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹത ലഭിക്കും. യുഎസിന്റെ ഒട്ടേറെ രഹസ്യ രേഖകള്‍ സ്‌നോഡന്‍ നല്‍കിയത് മാധ്യമങ്ങളിലൂടെ പുറത്തുവന്നത് അമേരിക്കയ്ക്ക് ഏറെ തലവേദനയുണ്ടാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല