ലണ്ടന്‍: കനത്ത വീഴ്ച്ച ഇംഗ്ലണ്ടിലും വെയ്ല്‍സിലും വാഹനഗതാഗതത്തെയും സാധാരണ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രദേശങ്ങളിലെ നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നതിനൊപ്പം മാഞ്ചസ്റ്റര്‍ വിമാനത്താവളവും താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. റണ്‍വെയില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന മഞ്ഞ് നീക്കം ചെയ്യുന്നതിനായി അടച്ച വിമാനത്താവളം പിന്നീട് യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തെങ്കിലും വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്‌സ, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷെഫീല്‍ഡ്, സെന്‍ട്രല്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ 30 സെന്റി മീറ്റര്‍ മഞ്ഞ് വീഴ്ച്ചയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദര്‍ഹാം, യോര്‍ക്ക്‌ഷെയര്‍ എന്നിവിടങ്ങളിലെ പ്രധാന പാതകളെല്ലാം അടച്ചിരിക്കുകയാണ്. മാഞ്ചസ്റ്ററിനും യോര്‍ക്കിനുമിടയില്‍ സര്‍വീസ് നടത്തുന്ന നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മഞ്ഞ് വീഴ്ച്ച രൂക്ഷമായതിനെത്തുടര്‍ന്ന് നൂറോളം സ്‌കൂളുകള്‍ അടച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കനത്ത മഞ്ഞ് വീഴ്ച്ച തുടരാന്‍ സാധ്യതയുള്ളതായാണ് മെറ്റ് ഓഫീസ് നല്‍കുന്ന സൂചന. ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല