സ്വന്തം ലേഖകൻ: യു.എസിലും ബ്രിട്ടനിലും ജനജീവിതത്തെ ബാധിച്ച് കനത്ത ശീതക്കാറ്റും മഞ്ഞുവീഴ്ചയും. ശക്തമായ ശീതക്കാറ്റുവീശുന്ന യു.എസില്‍ ഈ പതിറ്റാണ്ടിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസിന്റെ (എന്‍.ഡബ്ല്യു.എസ്.) മുന്നറിയിപ്പ്. ആറുകോടിപ്പേരാണ് ആര്‍ട്ടിക്കില്‍നിന്നുവീശുന്ന ശീതക്കാറ്റിന്റെ പാതയില്‍ക്കഴിയുന്നത്.
പടിഞ്ഞാറ് കാന്‍സസ് മുതല്‍ വെര്‍ജീനിയവരെ 2400 കിലോമീറ്റര്‍ പ്രദേശത്തുള്ളവര്‍ കരുതിയിരിക്കണമെന്ന് എന്‍.ഡബ്ല്യു.എസ്. അറിയിച്ചു. കാന്‍സസിന്റെ ചിലഭാഗങ്ങളിലും മിസൗറിയിലും മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും. ഐസുമൂടിയതിനാല്‍ കാന്‍സസ് സിറ്റി അന്താരാഷ്ട്രവിമാനത്താവളം ശനിയാഴ്ച അടച്ചിരുന്നു. ഇതു നീക്കംചെയ്തതിനുശേഷമാണ് വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചത്.
അമേരിക്കയിലെങ്ങും 2200 വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. 25,000 വിമാന സര്‍വീസുകള്‍ വൈകി. അപകടങ്ങളടക്കം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വീടുകളില്‍തന്നെ കഴിയണമനെന്ന് കന്റക്കി ഗവര്‍ണര്‍ ജനങ്ങളോടഡ് അഭ്യര്‍ഥിച്ചു. പ്രധാന ദേശീയപാതകള്‍ പലതും മഞ്ഞുമൂടിയ അവസ്ഥയിലായി. ഷിക്കാഗോ, ന്യൂയോര്‍ക്ക്, സെന്റ് ലൂയിസ് എന്നിവയെ ബന്ധിപ്പിക്കുന്ന തീവണ്ടി സര്‍വീസുകള്‍ പലതും മുടങ്ങിയിട്ടുണ്ട്.
പലയിടത്തും റോഡുകളില്‍ 40 സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞുമൂടിയതോടെ ബ്രിട്ടനില്‍ ഗ്രാമീണസമൂഹങ്ങള്‍ ഒറ്റപ്പെടല്‍ഭീതിയിലാണ്. രാജ്യത്താകമാനമുണ്ടായ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് വൈദ്യുതിശൃംഖലയുടെ മേല്‍നോട്ടംവഹിക്കുന്ന നാഷണല്‍ ഗ്രിഡ് പറഞ്ഞു. ബര്‍മിങാം, ബ്രിസ്റ്റല്‍, കാര്‍ഡിഫ് എന്നിവിടങ്ങളിലാണ് പ്രധാനമായും വൈദ്യുതിമുടങ്ങിയത്.
പ്രീമിയര്‍ ലീഗ് മത്സരമുള്‍പ്പെടെ വിവിധകായികമത്സരങ്ങള്‍ മാറ്റിവെച്ചു. ലിവര്‍പൂളിലെ ജോണ്‍ ലെനന്‍ വിമാനത്താവളം, മാഞ്ചസ്റ്റര്‍ വിമാനത്താവളം എന്നിവയുടെ റണ്‍വേ ഞായറാഴ്ച അടച്ചു. ഇവിടേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ബര്‍മിങാം വിമാനത്താവളത്തിലും മണിക്കൂറുകള്‍ ഗതാഗതം മുടങ്ങി. ഈയാഴ്ചമുഴുവന്‍ ഇടയ്ക്കിടെ ഗതാഗതപ്രശ്‌നമുണ്ടാകുമെന്ന് നാഷണല്‍ റെയില്‍ മുന്നറിയിപ്പുനല്‍കി. ഒട്ടേറെ തീവണ്ടികള്‍ ഞായറാഴ്ച റദ്ദാക്കി. റോഡുഗാതാഗതവും തടസ്സപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല