തൃശൂര്‍ ശോഭസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചും കാറിടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ശ്രമം നടത്തുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. വെറും ആരോപണം മാത്രമല്ല തെളിവുകളും തന്റെ പക്കല്‍ ഉണ്ടെന്ന് ജോര്‍ജ് പറഞ്ഞു. തെളിവുകള്‍ സിഡിയിലാക്കി അന്വേഷണ സംഘത്തിനു കൈമാറും.
മുഹമ്മദ് നിസാമിന്റെ ഭാര്യയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കവും ശക്തമാണെന്നും ജോര്‍ജ് ആരോപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പോലും മറികടന്നു കൊണ്ടാണ് നിസാമിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്.
കേസ് അന്വേഷിച്ചിരുന്ന തൃശൂര്‍ എസ്പി ജേക്കബ് ജോബിനെ മാറ്റിയത് നിസാമിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. അതിനു പുറമേ കാപ്പ ചുമത്താനുള്ള നീക്കം വൈകിക്കുകയും ജാമ്യം ലഭിക്കുന്നത് എതിര്‍ക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു.
നിസാമിനെ ജാമ്യത്തില്‍ ഇറക്കാനായി ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്ന തെളിവുകളും പുറത്തു വന്നു. കൂടാതെ കേസിലെ പ്രധാന തെളിവായ അക്രമിക്കപ്പെടുന്ന നേരത്ത് ചന്ദ്രബോസ് ധരിച്ചിരുന്ന യൂണിഫോം കാണാതായി. ഇക്കാര്യത്തില്‍ പോലീസ് ഇപ്പോഴും തപ്പുകയാണ്.
നിസാമിനെ രക്ഷപ്പെടുത്താന്‍ ഉന്നതങ്ങളില്‍ ശക്തമായ ശ്രമമാണ് നടക്കുന്നതെങ്കിലും ആഭ്യന്തര മന്ത്രിയെ താന്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. അന്വേഷണ സംഘത്തിനു കൈമാറുന്ന തെളിവുകള്‍ അടങ്ങുന്ന സിഡിയില്‍ നടപടകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ അവ മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും ജോര്‍ജ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല