ലണ്ടന്‍: ലണ്ടനിലെ ആറ്റുകാല്‍ സിസ്റ്റേഴ്സ്, ഈ വര്‍ഷത്തെ പോങ്കാലയോടനുബന്ധിച്ചു ജീവ കാരുണ്യ പ്രവര്‍ത്തന നിധിയായി ഒരു ലക്ഷം രൂപ സമാഹരിച്ചു. ലണ്ടനിലെ ആറ്റുകാല്‍ സിസ്റ്റേഴ്സ് ആണ് ഈസ്റ്റ് ഹാമിലുള്ള ശ്രീ മുരുഗന് ടെമ്പിളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊങ്കാലക്ക് നേതൃത്വം നല്‍കിവരുന്നത്. ഏഷ്യാനെറ്റിന്റെ ‘കണ്ണാടി’ യിലൂടെ ഈ സംഭാവന കൊണ്ട് ജീവ കാരുണ്യ പ്രവര്‍ത്തനം നടത്തുവാനാണ് പദ്ധതിയിട്ടിരുന്നത്. അതില്‍ പ്രകാരം ജീവ കാരുണ്യ നിധിയായി സമാഹരിച്ച ഒരു ലക്ഷം രൂപക്കുള്ള ഡ്രാഫ്റ്റ് ഏഷ്യാനെറ്റിന്റെ കണ്ണാടിയുടെ ഡയരക്ട്ടര്‍ ശ്രീ T N ഗോപകുമാറിനെ ഏല്‍പ്പിച്ചു.
ഈസ്റ്റ് ഹാമിന്റെ കൌണ്സിലരും, പ്രശസ്ത സാഹിത്യകാരിയും, സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യവുമായ ഡോ:ഓമന ഗംഗാധരന് ആണ് ലണ്ടനിലെ ആറ്റുകാല്‍ സിസ്റ്റെഴ്സിന്റെ പ്രസിഡന്റ്. ജീവ കാരുണ്യ നിധിക്ക് T N ഗോപകുമാര്‍ കണ്ണാടിയുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഈസ്റ്റ് ഹാമിലെ ഹൈസ്ട്രീറ്റിലെ മലയാളി സ്ഥാപനങ്ങള്‍, ആറ്റുകാല്‍ ദേവിയുടെ നാനാ വിഭാഗത്തിലുള്ള ഭക്തര്‍ എന്നിവരില്‍ നിന്നുമാണ് സംഭാവന സ്വീകരിച്ചത്.
ലണ്ടനില്‍ ജനങ്ങളെ നേരില്‍ കണ്ടു കാരുണ്യ നിധി സ്വരൂപിക്കുന്നതില്‍ ഈസ്റ്റ് ഹാമിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സുരേഷ് കുമാറിന്റെ നിസ്തുല സഹായം വളരെ ഉപകാരമായെന്നും, സംഭാവന നല്‍കിയവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നുവെന്നും, എളിയ സേവനം ചെയ്യുവാന്‍ കഴിഞ്ഞതില്‍ ആറ്റുകാല്‍ സിസ്റ്റെഴ്സിനു വളരെയേറെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്നും കൌണ്‍സിലര്‍ ഗംഗാധരന് അറിയിച്ചു. പൊങ്കാല ദിനത്തില്‍ 350 പേര്‍ക്ക് അന്നദാനവും, ക്ഷേത്ര സഹായ ധനവും നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല