സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്‌വരയില്‍ സമൂഹ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍, ഇന്ത്യയ്ക്ക് തിരിച്ചടി. വിലക്ക് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നും നടപടി ഉടന്‍ പിന്‍വലിക്കണമെന്നും യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ആശയങ്ങള്‍ തുറന്നു പറയുന്നതിനുള്ള സ്വാതന്ത്ര്യം ലംഘിക്കപ്പെടാന്‍ അനുവദിക്കരുതെന്നും യു.എന്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി കശ്മീരില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് നിലവിലെ നടപടി ഒരു പരിഹാരമാകില്ല. കശ്മീരില്‍ സൈന്യത്തിനെതിരെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധിക്കുകയാണുണ്ടായത്. അതിന് കശ്മീര്‍ ജനതയെ മുഴുവന്‍ ശിക്ഷിക്കുന്ന നടപടിയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കൈകൊണ്ടതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 17 നാണ് കശ്മീരില്‍ ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ ഉള്‍പ്പെടെ 22 ഓളം സമൂഹ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പുറത്തു വരാതിരിക്കാനായിരുന്നു നടപടി എന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെ കശ്മീരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 34 പ്രാദേശിക ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണവും നിര്‍ത്തിവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല