സ്‌കൂളില്‍നിന്നുള്ള ചിത്രങ്ങളോ സ്‌കൂള്‍ ജീവിതത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് ടര്‍ക്കി ഗവണ്‍മെന്റ് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. സ്‌കൂള്‍ കുട്ടികളുടെ ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ വിലക്കുകയാണെന്ന് ടര്‍ക്കിഷ് സര്‍ക്കാര്‍ ഉത്തരവിറക്കി.
ടര്‍ക്കി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് ജുലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ സര്‍ക്കാര്‍ ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
സ്‌കൂളിനുള്ളില്‍നിന്നുള്ള ചിത്രങ്ങളോ വീഡിയോ ഫൂട്ടേജുകളോ അധ്യാപകരുടെ അനുവാദമില്ലാതെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യരുതെന്ന് നിയമം കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു. സഹപാഠികളെയോ, സ്‌കൂള്‍ ജീവനക്കാരെയോ അധിക്ഷേപിക്കാനോ അപമാനിക്കാനോ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.
ഇന്റര്‍നെറ്റിന് മേല്‍ പിടിമുറുക്കാന്‍ സര്‍ക്കാരിന് ടര്‍ക്കി പാര്‍ലമെന്റ് കഴിഞ്ഞ ഏപ്രിലില്‍ അനുവാദം നല്‍കിയിരുന്നു. കോടതിയുടെ അനുവാദമില്ലാതെ തന്നെ ടര്‍ക്കി സര്‍ക്കാരിന് ഇപ്പോള്‍ വെബ്‌സൈറ്റുകള്‍ രാജ്യത്ത് ബ്ലോക്ക് ചെയ്യാം. നേരത്തെ ട്വിറ്ററും യൂട്യൂബും ടര്‍ക്കി സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല