വേദനസംഹാരി കഴിച്ച് മയങ്ങിയ അമ്മയില്‍ നിന്ന് നവജാത ശിശുവിനെ ദത്ത് നല്‍കുവാനുളള അനുമതി പത്രം ഒപ്പിട്ടുവാങ്ങിയതായി പരാതി. കവന്‍ട്രയിലാണ് സംഭവം. സങ്കീര്‍ണ്ണമായ ഒരു പ്രസവ ശസ്ത്രക്രീയക്ക് ശേഷം വേദന കുറയ്ക്കാനായി ഡോക്ടര്‍മാര്‍ മോര്‍ഫിന്‍ നല്‍കിയ സമയത്താണ് സോഷ്യല്‍ വര്‍ക്കേഴ്‌സ് എത്തി നവജാത ശിശുവിനെ ദത്ത് നല്‍കാനുളള അനുമതി പത്രം എഴുതിവാങ്ങിയത്. മോര്‍ഫിന്റെ ലഹരിയിലായിരുന്ന അമ്മ എന്ത് പേപ്പറിലാണ് ഒപ്പിടുന്നതെന്ന് മനസ്സിലാക്കാതെ ഒപ്പിടുകയായിരുന്നു. പിന്നീട് ബോധം വീണപ്പോഴാണ് കുട്ടിയെ ദത്ത് നല്‍കാനുളള അനുമതി പത്രത്തിലാണ് ഒപ്പിട്ടതെന്ന് മനസ്സിലാക്കിയത്. മോര്‍ഫിന്‍ നല്‍കുന്നതിന് മുന്‍പ് തന്നെ കുഞ്ഞിനെ വളര്‍ത്താനുളള ആഗ്രഹം അമ്മ പ്രകടിപ്പിച്ചിരുന്നു.
കുഞ്ഞിനെ വളര്‍ത്തണമെന്ന ആഗ്രഹം അമ്മ പ്രകടിപ്പിച്ചിട്ടും ബോധമില്ലാത്ത അവസ്ഥയില്‍ അനുമതി പത്രം വാങ്ങി കുട്ടിയെ അമ്മയില്‍ നിന്ന് അകറ്റിയ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ നടപടി തികച്ചും മനുഷ്വത്വ രഹിതമാണന്ന് ലണ്ടന്‍ ഹെക്കോടതി നിരീക്ഷിച്ചു. കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലണ്ടന്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നത്. ഇപ്പോള്‍ ഏഴ് മാസം പ്രായമായ കുട്ടിയുടേയും അമ്മയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് സോഷ്യല്‍ വര്‍ക്കര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി. ബോധമില്ലാത്ത അവസ്ഥയിലാണ് ആ അമ്മ കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന വാദം കോടതി അംഗീകരിച്ചു.
ശസ്ത്രക്രീയയ്ക്ക് ശേഷം വേദനസംഹാരികളുടെ ലഹരിയില്‍ കിടക്കുന്ന ഒരു സ്ത്രീക്ക് അനുമതി പത്രം വായിച്ച് ബോധ്യപ്പെട്ട് ഒപ്പിടാന്‍ മാത്രമുളള ബോധമുണ്ടാകുമോ എന്ന കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. അമ്മയുടേയും കുഞ്ഞിന്റേയും മനുഷ്യാവകാശം ലംഘിച്ചതായി കൗണ്‍സില്‍ സമ്മതിച്ചാതായും കോടതി പറഞ്ഞു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിനെകുറിച്ച് കൗണ്‍സില്‍ സ്വന്തം നിലയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അമ്മയ്ക്കുണ്ടായ മാനസിക പ്രയാസത്തിന് തക്കതായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണന്നും കവന്‍ട്രി കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്.
ദത്തെടുക്കപ്പെട്ട ശിശുവിനെ കൂടാതെ മറ്റ് മൂന്ന് കുട്ടികള്‍ കൂടി പേര് വെളിപ്പെടുത്താത്ത ഈ സ്ത്രീയ്ക്കുണ്ട്. സന്തോഷകരമല്ലാത്ത ദാമ്പത്യത്തെ തുടര്‍ന്ന് വിവാഹമോചനം നേടിയ ഇവരുടെ കുട്ടികളെയെല്ലാം ദത്ത് നല്‍കിയിരുന്നു. സ്ത്രീയുടെ സാമ്പത്തിക സമൂഹിക സാഹചര്യങ്ങള്‍ കണക്കാക്കുമ്പോള്‍ കുട്ടികളുടെ നല്ലഭാവിക്ക് ദത്ത് നല്‍കുന്നതാണ് നല്ലത്. എന്നാല്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഹെഡ്‌ലി വ്യക്തമാക്കി. അമ്മയ്ക്ക് പൂര്‍ണ്ണ ബോധമുളളപ്പോള്‍ മാത്രമേ കുട്ടികളെ ദത്ത് നല്‍കാനുളള അനുമതി പത്രം ഒപ്പിട്ട് നല്‍കാവൂ. പ്രത്യേകിച്ചും നവജാത ശിശുക്കളുടെ കാര്യത്തില്‍. അവരെ അമ്മയുടെ അടുത്ത് നിന്ന് മാറ്റുമ്പോള്‍ കുഞ്ഞിന് യാതൊരു അപകടവും ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം വിധിയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല