1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2015

സ്വന്തം ലേഖകന്‍: ബൈബിള്‍ നഗരമായ സോദോമിന്റെ അവശിഷ്ടങ്ങള്‍ ജോര്‍ദാനില്‍ കണ്ടെത്തിയതായി ഗവേഷകര്‍. വര്‍ഷങ്ങള്‍ നീണ്ട ഖനന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ജോര്‍ദാനിലെ ഹമ്മാം മേഖലയില്‍ വെങ്കലയുഗത്തില്‍നിന്നുള്ള പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദൈവകോപത്താല്‍ നശിപ്പിക്കപ്പെട്ട സോദോം നഗരത്തെപ്പറ്റി ഉല്‍പത്തി പുസ്തകത്തിലെ വിവരണങ്ങളോട് ഇണങ്ങുന്നതാണ് ഈ പ്രാചീന നഗരാവശിഷ്ടങ്ങളെന്നു ഗവേഷകര്‍ അവകാശപ്പെടുന്നു.

ജോര്‍ദാന്‍ നദിക്കു കിഴക്കാണു ബിസി 3500–1540 വരെ പഴക്കമുളള നഗരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മേഖലയിലെ ഏറ്റവും വലിയ നഗരമായിട്ടാണു സോദോം ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്നത്. വാണിജ്യകേന്ദ്രമായിരുന്ന നഗരം പൊടുന്നനെ ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 700 വര്‍ഷത്തോളം വിജനമായിക്കിടന്നു. 1000–332 ബിസിയില്‍ പുനര്‍നിര്‍മിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായും ഗവേഷകര്‍ പറയുന്നു.

2005ല്‍ ആരംഭിച്ച ഉത്ഖനനത്തിനു നേതൃത്വം നല്‍കിയതു ന്യൂ മെക്‌സികോയിലെ ട്രിനിറ്റി സൗത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ സ്റ്റീവന്‍ കോളിന്‍സാണ്. അയ്യായിരത്തിലേറെ വര്‍ഷം മുന്‍പ് സോദോം നഗരം നശിപ്പിക്കപ്പെട്ടതിന്റെ ദൃക്‌സാക്ഷിവിവരണം 2008ല്‍ ലഭിച്ച നിഗൂഢമായ മണ്‍ചുരുളുകളിലുണ്ടായിരുന്നു. ഭീമന്‍ ഉല്‍ക്ക വീണു നഗരം നശിപ്പിക്കപ്പെട്ടുവെന്നാണ് മണ്‍ചുരുളുകളില്‍ പറയുന്നത്. മൂന്നരലക്ഷം ചതുരശ്ര മൈല്‍ വ്യാപ്തിയില്‍ നാശനഷ്ടമുണ്ടായി. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഇതു വന്‍ഭൂചലനം ആയിരുന്നിരിക്കാമെന്നും നിഗമനമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.