ഡാം 999 എന്ന സിനിമ പരാജയപ്പെടാനുള്ള കാരണം മലയാളത്തിലെ സിനിമാ സംഘടനകളാണെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സോഹന്‍ റോയ്. വിലക്കുകളും എതിര്‍പ്പുകളും ഏര്‍പ്പെടുത്തി മലയാള സിനിമാസംഘടനകള്‍ സിനിമയെ തകര്‍ക്കുകയായിരുന്നു എന്ന് സോഹന്‍റോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“ഡാം 999 നിര്‍മാണജോലികള്‍ ആരംഭിച്ചപ്പോള്‍ തന്നെ മലയാളത്തിലെ സിനിമാ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. തിലകന്‍ വിവാദവും തുടര്‍ന്നുണ്ടായ സമരങ്ങളും ചിത്രത്തിന്‍റെ ഷൂട്ടിംഗ് മുതല്‍ റിലീസ് വരെ തടസ്സപ്പെടുത്തി. എന്‍റെ സിനിമ റിലീസ് ചെയ്യരുതെന്ന് തിയേറ്ററുകളോട് ആജ്ഞാപിച്ചു. റിലീസ് ചെയ്ത തിയേറ്ററുകളില്‍ നിന്ന് സിനിമ പിന്‍വലിക്കാനുള്ള ശ്രമം പോലും ഉണ്ടായി. 25 തിയേറ്ററുകളില്‍ റിലീസ് ചെയ്തപ്പോല്‍ അതില്‍ അഞ്ചെണ്ണം മാത്രമായിരുന്നു ഭേദപ്പെട്ടവ. ഡിസംബര്‍ 15 മുതല്‍ ഡാം 999 തിയേറ്ററുകളില്‍ നിന്ന് പൂര്‍ണമായും മാറ്റുകയാണ്. സാമ്പത്തികമായി ഒരു നേട്ടവും ഉണ്ടാക്കാത്ത ഡാം 999 ഭേദപ്പെട്ട തിയറ്ററുകളില്‍ ഒരു ഷോ എങ്കിലും നല്‍കി നിലനിര്‍ത്തണം” – സോഹന്‍ റോയ് അഭ്യര്‍ത്ഥിച്ചു.
കേരളത്തെ ബാധിക്കുന്ന ഒരു പ്രശ്നത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയായിരുന്നിട്ടുകൂടി ജനങ്ങള്‍ക്ക് കാണാന്‍ അവസരം കിട്ടിയില്ലെന്ന് സോഹന്‍ റോയ് പറഞ്ഞു. തമിഴ്നാടിനേക്കാള്‍ മോശമായാണ് ഈ സിനിമയോട് കേരളത്തിലെ സിനിമാ സംഘടനകള്‍ പെരുമാറിയത്. ഒരു സാമൂഹ്യപ്രശ്നത്തോടുള്ള പ്രതികരണമെന്ന നിലയ്ക്ക് തമിഴ്നാടിന്‍റെ എതിര്‍പ്പിന് മാന്യതയുണ്ടായിരുന്നു – സോഹന്‍ റോയ് പറഞ്ഞു.
ഡാം 999ന് തമിഴ്നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് 18ന് ചപ്പാത്തില്‍ നിരാഹാരമിരിക്കുമെന്നും ജനുവരി മൂന്നുമുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും സോഹന്‍ റോയ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല