ഈ നൂറ്റാണ്ടിലെ ഏറ്റവും ഇരുണ്ട ചന്ദ്രഗ്രഹണത്തിനു ജൂണ്‍ 15 അര്‍ദ്ധരാത്രി നടക്കും. കാലാവസ്ഥ അനുകൂലമെങ്കില്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തും ഇതു ദൃശ്യമാകും.ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 10:53 മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4:32 വരെയാണു ഗ്രഹണത്തിന്റെ പൂര്‍ണസമയം.യൂറോപ്പില്‍ സൂര്യാസ്തമയം വൈകുമെന്നതിനാല്‍ ചന്ദ്രഗ്രഹണത്തിന്‍റെ ആദ്യ ഭാഗങ്ങള്‍ കാണുവാന്‍ കഴിയില്ല.യു കെ സമയം വൈകിട്ട് ആറര മുതല്‍ അര്‍ദ്ധരാത്രി വരെയാണ് ഗ്രഹണം നടക്കുക.
സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുകയും ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിയ്ക്കുക. സൂര്യന്റേയും ഭൂമിയുടേയും ചന്ദ്രന്റേയും കേന്ദ്രങ്ങള്‍ നേര്‍രേഖയില്‍ വരുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. അതിനാല്‍ ചന്ദ്രനില്‍ പതിക്കുന്ന ഭൂനിഴലിന്റെ സാന്ദ്രത കൂടുതലായരിക്കും. കഴിഞ്ഞ നൂറ് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ മാത്രമേ ഇത്തരം ചന്ദ്രഗ്രഹണങ്ങള്‍ നടന്നിട്ടുള്ളൂ.
കിഴക്കന്‍ ആഫ്രിക്ക, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, മധ്യഏഷ്യ, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഗ്രഹണം തുടക്കം മുതല്‍ ഒടുക്കംവരെ കാണാനാകും. ഗ്രഹണത്തിന്റെ മധ്യഘട്ടത്തില്‍ ചന്ദ്രന്‍ മൗറീഷ്യസിനു മുകളിലായിരിക്കും. ഇതിനുമുമ്പ് ഇത്തരത്തിലൊരു ചന്ദ്രഗ്രഹണം 1971 ഓഗസ്റ്റ് ആറിനായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല