ദബാങ് എന്ന സൂപ്പര്‍ ഹിറ്റ് സല്‍മാന്‍ ചിത്രത്തിലൂടെ ബോളിവുഡില്‍ ലാന്‍ഡ് ചെയ്ത സൊണാക്ഷി സിന്‍ഹ കുറച്ചു നാളായി വാര്‍ത്തകളിലില്ലായിരുന്നു. കമല്‍ഹാസന്റെ വിശ്വരൂപത്തില്‍ അഭിനയിക്കുമെന്നും ഇല്ലെന്നും വാര്‍ത്തകള്‍ ഇടയ്ക്ക് കണ്ടു. എന്നാല്‍ , നറുക്ക് വീണത് ദക്ഷിണേന്ത്യന്‍ സുന്ദരി അനുഷ്ക്കയ്ക്കും. ഒടുവിലിതാ സൊണാക്ഷി അക്ഷയ് കുമാറിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സുമായി തിരികയെത്തുകയാണ്.
അതും ഒരു പക്ഷേ ഹിന്ദി സിനിമകളിലെ ആദ്യ ത്രീഡി ഐറ്റം ഡാന്‍സ് നമ്പറുമായി. “ദബാങ”് സുന്ദരി സൊണാക്ഷി സിന്‍ഹയുടെ ഐറ്റം ഡാന്‍സുമായി തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ് പുതിയ ഹിന്ദി ചിത്രം ജോക്കര്‍ . അക്ഷയ് കുമാറാണ് നായകനെങ്കിലും സൊണാക്ഷിയുടെ ചൂടന്‍ ഐറ്റം ഡാന്‍സിന്റെ ചര്‍ച്ചയാണ് എവിടെയും. “ഡാന്‍സ് കര്‍ലേ ഇംഗ്ലീഷ് മേ” എന്നു തുടങ്ങുന്ന ഗാനത്തിനാണ് സൊണാക്ഷി ചുവടു വയ്ക്കുക. ഗാനരംഗം ഇതിനകം മാധ്യമങ്ങളില്‍ വാര്‍ത്തയായിക്കഴിഞ്ഞു.
സൊണാക്ഷിയുടെ ഗാനരംഗം കൂടുതല്‍ അടുത്ത് കാണാമെന്ന പ്രത്യേകതയാണ് ജോക്കറിനുള്ളത്. ത്രീഡി രൂപത്തിലാണ് സിനിമ പുറത്തിറങ്ങുന്നത്. ഐറ്റംഡാന്‍സിന് മാത്രമായിട്ടല്ല സൊണാക്ഷി ജോക്കറിലെത്തുക. അക്ഷയ് കുമാറിന്റെ നായികയായി ചിത്രത്തില്‍ പ്രധാന വേഷം തന്നെയാണ് സൊണാക്ഷി കൈകാര്യം ചെയ്യുകയെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍ . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ജോക്കറെന്ന് അക്ഷയ്കുമാര്‍ പറയുന്നു. സസ്പെന്‍സിന് പ്രാധാന്യം നല്‍കുന്ന ചിത്രം ഏറെ സാങ്കേതിക തികവോടെയാണ് എത്തുക.
സാധാരണ ഗ്രാമത്തില്‍ നിന്ന് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയിലേക്കാണ് കഥ നീളുന്നതെന്നും അക്ഷയ്. ഫാന്റസിക്ക് പ്രാധാന്യം നല്‍കുന്ന സിനിമയില്‍ അമേരിക്കന്‍ നടന്‍ അലക്സ് ഒ നീലും അഭിനയിച്ചിട്ടുണ്ട്. മിനിഷ ലാംബ, ശ്രേയസ് തല്‍പഡേ എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു. ശിരിഷ് കുന്ദറാണ് ജോക്കര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഫറാ ഖാനും അക്ഷയ്കുമാറും ശിരിഷ് കുന്ദറുമാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ആര്‍ റഹ്മാന്റെ ബന്ധു ജി വി പ്രകാശ് കുമാറാണ് സംഗീതം. ഡിസംബറില്‍ ചിത്രം റിലീസാകുമെന്നാണ് വാര്‍ത്തകള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല