സ്വന്തം ലേഖകന്‍: തെരുവില്‍ യാചകനായി പാട്ടും പാടി ബോളിവുഡ് ഗായകന്‍ സോനു നിഗം. തെരുവില്‍ പാട്ടുപാടുന്ന യാചകനായി വേഷമിട്ട സോനു നിഗമിനെ ആരും തിരിച്ചറിഞ്ഞില്ലെന്ന് മാത്രമല്ല ആഹാരം കഴിക്കാന്‍ ഒരാള്‍ 12 രൂപ പോലും നല്‍കി. യൂ ട്യൂബിന്റെ സാമൂഹ്യ പരീക്ഷണ പരിപാടിയായ ‘ബീയിംഗ് ഇന്ത്യനി’ ല്‍ ആയിരുന്നു സോനുനിഗം ഭിക്ഷക്കാരനായത്. പാട്ടുപാടി അന്നം തേടുന്ന ഒരു യാചകന്റെ വേഷത്തില്‍ തിരക്കേറിയ തെരുവില്‍ ഇരുന്ന് ഹാര്‍മോണിയം വായിച്ചു പാട്ടു പാടിയ സോനു നിഗത്തിന് പെട്ടെന്ന് തന്നെ ആളെ കൂട്ടാനായി. ഭിക്ഷക്കാരന്റെ മധുര മനോഹരമായ ഗാനം കേട്ട് തിരക്കു പിടിച്ച ആള്‍ക്കൂട്ടം പതിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. ഹിന്ദിയിലെ ഹിറ്റ് മെലഡി ഗാനങ്ങള്‍ നല്ല ഈണത്തോടെ പാടുന്ന ചിരപരിചയ ശബ്ദം പെട്ടെന്ന് തന്നെ ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. പാട്ടുകേട്ട ശേഷം ചിലരെല്ലാം താരത്തിന് മുന്നില്‍ നാണയത്തുട്ടുകള്‍ എറിയുകയും ചെയ്തു. എന്താണ് കഴിക്കാന്‍ വേണ്ടതെന്നായിരുന്നു ഒരു യുവാവിന്റെ ചോദ്യം. മിണ്ടാതിരുന്നപ്പോള്‍ 12 രൂപ കൈകളില്‍ വെച്ചു കൊടുക്കാനും ഇയാള്‍ മറന്നില്ല. താന്‍ ആരാണെന്ന് സോനു നിഗം ഇതിനിടയില്‍ ഒരിക്കല്‍ പോലും വെളിപ്പെടുത്തിയില്ല. രാജ്യം മുഴുവന്‍ പരിചിതമായ ശബ്ദമായിട്ടും ആരും തിരിച്ചറിഞ്ഞില്ല എന്നതായിരുന്നു രസകരം. നേരത്തേ പാരീസില്‍ യാചകന്റെ വേഷത്തില്‍ പന്തുതട്ടി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല