സ്വന്തം ലേഖകന്‍: പ്രശസ്ത ഗായകന്‍ സോനു നിഗമിനെ വിമാനത്തില്‍ പാടാന്‍ അനുവദിച്ച ക്യാബിന്‍ ക്രൂ അംഗങ്ങളുടെ ജോലി പോയി, നടപടി പാട്ട് വൈറലായതിനെ തുടര്‍ന്ന്. ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു യാത്രക്കാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ആകാശത്ത് സോനു നിഗമിന്റെ പാട്ട്.
കഴിഞ്ഞ മാസം ജോഥാപൂരില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം. ദൃശ്യങ്ങള്‍ വൈറലായതോടെ അഞ്ചു ജീവനക്കാര്‍ക്കെതിരെ വിമാനകമ്പനി നടപടി സ്വീകരിക്കുകയായിരുന്നു. വിമാനത്തിലെ ഔദ്യോഗിക അറിയിപ്പുകള്‍ക്കുള്ള അനൗസ്‌മെന്റ് സംവിധാനത്തിലൂടെ പാട്ടുപാടിയതാണ് അച്ചടക്ക നടപടിക്ക് കാരണം.
എന്നാല്‍ ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തതിനെതിരെ വിമര്‍ശനവുമായി സോനു നിഗം രംഗത്തെത്തി. നടപടി യുക്തിക്ക് നിരക്കാത്തതും അസഹിഷ്ണുതയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യാത്രാ വിമാനങ്ങളില്‍ ഫാഷന്‍ ഷോവരെ താന്‍ കണ്ടിട്ടുണ്ട്. യാത്രയുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് മറ്റ് രാജ്യങ്ങളില്‍ പൈലറ്റും ക്രൂ അംഗങ്ങളും യാത്രക്കാരുമായി തമാശകള്‍ പങ്കുവയ്ക്കുന്നതും താന്‍ കണ്ടിട്ടുണ്ട്. അത് തികച്ചും രസമാണ്.
അഡ്രസ് സിസ്റ്റത്തിലൂടെ പാട്ടുപാടാന്‍ തന്നോട് ക്രൂ അംഗങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ സീറ്റ് ബെല്‍റ്റിന്റെ സൈന്‍ ഓഫ് ആയിരുന്നു. ഒരു അനൗസ്‌മെന്റും നടത്തുന്ന സമയമായിരുന്നില്ല. സന്തോഷം പടര്‍ത്തുന്നവരെ ശിക്ഷിച്ചത് ശരിയായില്ലെന്നും സോനു പറഞ്ഞു.
സോനുവിന്റെ പാട്ടുകച്ചേരി വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായിരുന്നു. ഇതോടെയാണ് വ്യോമസേന സുരക്ഷാ സമിതിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടിയുമായി രംഗത്തെത്തിയത്. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് ജീവനക്കാരെ പുറത്താക്കിയത് എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല