സ്വന്തം ലേഖകന്‍: പള്ളികളിലെ ബാങ്കു വിളിക്കെതിരെ പരാമര്‍ശം, ഗായകന്‍ സോനു നിഗത്തിനെതിരെ രൂക്ഷ വിമര്‍ശനം, സമൂഹ മാധ്യമങ്ങളില്‍ ആളുമാറി നടന്‍ സോനു സൂദിന് പൊങ്കാല. മുസ്ലിം ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറിലൂടെ ബാങ്ക് വിളിക്കുന്നതിനെ പ്രമുഖ ബോളീവുഡ് ഗായകന്‍ സോനു നിഗം ട്വിറ്ററിലൂടെയാണ് വിമര്‍ശിച്ചത്.
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഞാനൊര് മുസ്ലീമല്ല. എന്നിട്ടും എനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നു. എന്നാണീ നിര്‍ബന്ധിത മതവികാര പ്രകടനം അവസാനിപ്പിക്കേണ്ടി വരിക. മുഹമ്മദ് നബി ഇസ്ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നു. എഡിസണ് ശേഷം പിന്നെന്തിനാണീ കോലാഹലം എന്നായിരുന്നു സോനു നിഗമിന്റെ ആദ്യ ട്വീറ്റ്.
മത അനുയായി അല്ലാത്ത ഒരാളെ വൈദ്യുതി ഉപയോഗിച്ച് വിളിച്ചുണര്‍ത്തുന്ന ക്ഷേത്രങ്ങളോടോ ഗുരുദ്വാരകളോടോ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം പറയുന്നു. സോനുവിന്റെ ട്വീറ്റ് വന്‍ വിവാദത്തിന് വഴിതുറക്കുകയും അദ്ദേഹത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തതോടെ പൊങ്കാലയും തുടങ്ങി.
എന്നാല്‍ അതോടെ പുലിവാലു പിടിച്ചത് ബോളിവുഡ് നടന്‍ സോനു സൂദാണ്. സോനു നിഗമെന്ന് തെറ്റിദ്ധരിച്ച് വിമര്‍ശകര്‍ സോനു സൂദിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പ്രൊഫൈലുകളില്‍ ആക്രമണം അഴിച്ചുവിട്ടു. സോനു സൂദിന്റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്നു വരെ ആഹ്വാനമുണ്ടായി.
സ്‌നാപ് ചാറ്റ് സി.ഇ.ഒ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സ്‌നാപ് ഡീല്‍ നേരിട്ടതിന് സമാനമായ ആക്രമണമാണ് ഒന്നുമറിയാത്ത സോനു സൂദിന് നേരിടേണ്ടി വന്നത്. സ്‌നാപ് ചാറ്റ് സി.ഇ.ഒയുടെ ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സ്‌നാപ് ചാറ്റെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യന്‍ കമ്പനിയായ സ്‌നാപ് ഡീല്‍ ആപ്പിനെതിരെ വിമര്‍ശകര്‍ സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല നടത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല