1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2012


തീന്‍ മേശയിലെ പാശ്ചാത്യ വിഭവങ്ങള്‍ ഓരോന്നായി എടുത്ത് സ്വന്തം പാത്രത്തിലേക്ക് പകര്‍ത്തി അവയെ കത്തിയും മുള്ളും ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു ഹിമമോള്‍!. .അച്ഛനോടും അമ്മയോടും ഒപ്പം ജീവിച്ച ആഹ്ലാദ ദിനങ്ങളില്‍ തീന്‍ മേശയില്‍ ആവി പറക്കുന്ന ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ആയിരുന്നു അണിനിരന്നിരുന്നത്. ആ മസാലകളുടെ ഗന്ധം ഹിമമോള്‍ക്ക്‌ പലപ്പോഴും സങ്കടം കലര്‍ന്ന മൌനം ആണ് സമ്മാനിക്കുക. നേഴ്സറി സ്കൂള്‍ വിടുന്ന സമയത്ത് തന്നെ കാത്തു നില്‍ക്കുന്ന അമ്മയുടെ തോളിലേക്ക്ചാടി കയറി രണ്ടു കവിളിലും ഉമ്മ നല്‍കുമ്പോള്‍ ഈ മസാലകളുടെ ഗന്ധം അമ്മയുടെ മുടിയിഴകളില്‍ നിന്നും അനുഭവിച്ചിട്ടുണ്ട്. അമ്മയുടെ മുടിയില്‍ ഉള്ള മണം ആയതുകൊണ്ടാവാം രണ്ട് വര്‍ഷമായി സോഷ്യല്‍ സര്‍വീസ് നടത്തുന്ന ഫോസ്റ്റര്‍ കെയര്‍ സെന്ടറില്‍ താമസിച്ചിട്ടും പാശ്ചാത്യ വിഭവങ്ങളോട് പോരുത്തപെടാന്‍ കഴിയാതെ പോയത്.

താന്‍ കഴിക്കാനെടുത്ത ഭക്ഷണം അങ്ങനെ തന്നെ വെയിസ്റ്റ്‌ ബിന്നില്‍ നി ക്ഷേപിച്ചതിന് ശേഷം എന്നത്തേയും പോലെ ഡബിള്‍ഗ്ലൈസെഡ്‌ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കി നിന്നു. അങ്ങനെ നില്‍ക്കുമ്പോള്‍ ആരും അവളെ ശല്യം ചെയ്യാറില്ല. കാരണം ഇത് അവളുടെ ദിനചര്യയില്‍ പെട്ട കാര്യമാണന്ന് മറ്റു കുട്ടി-അന്തേവാസികള്‍ക്കും നന്നായി അറിയാം. ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്ക്കുമ്പോള്‍ പലപ്പോഴും പുറത്ത് നടക്കുന്നതൊന്നും താന്‍ മനസ്സിലാക്കാറില്ല എന്നത് പത്ത് വയസ്സ് മാത്രമുള്ള ഹിമമോള്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. തന്‍റെ ചുറ്റിലും കളിച്ചു നടക്കുന്ന സായിപ്പിന്‍ കുഞ്ഞുങ്ങളുടെ ശബ്ദ കോലാഹലങ്ങളൊന്നും ഹിമമോളെ തന്‍റെ ഓര്‍മചെപ്പില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിവുറ്റതായിരിന്നില്ല. എന്തിനോടും പെട്ടന്ന് പൊരുത്തപെട്ടുപോകാന്‍ കഴിയുന്ന സായിപ്പിന്‍ കുഞ്ഞുങ്ങളുടെ കഴിവിനെ ഹിമമോള്‍ അത്ഭുതത്തോടെയാണ് നോക്കി കണ്ടിരുന്നത്.

പഞ്ചാബിലെ അമൃത്സര്‍ ജില്ലയില്‍ ഉല്‍പെട്ട കട്ടിയാല്‍ എന്ന ഗ്രാമത്തില്‍ നിന്നായിരുന്നു അച്ഛന്‍ “ഡില്ലന്‍”, അമ്മ “ പ്രിയ” അമൃത്സര്‍ ജില്ലാ പോലീസ് ഓഫീസര്‍ ആയിരുന്ന ഹര്‍ജിത് സിംഗ്‌-ന്‍റെ മകളും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉപരിപഠനത്തിനായി ലണ്ടനില്‍ എത്തി ഇവിടെ ഉയര്‍ന്ന ജോലി നേടി; അച്ഛന്‍ UKBA-യില്‍ സിസ്റ്റം എഞ്ചിനീയര്‍, അമ്മ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍. അവരുടെ ഏക മകള്‍ (വേറെ കുട്ടികള്‍ ഉണ്ടോ എന്ന് അറിയില്ല) ഹിമയാണ് ഞാന്‍. പത്തു വയസ്സ് മാത്രമുള്ള ഞാന്‍ എന്തേ ഇത്ര സീരിയസ്സായി പെരുമാറുന്നു എന്ന് അധ്യാപകരും, ഫോസ്റ്റര്‍കെയറിലെ ജീവനക്കാരും പലപ്പോഴും തിരക്കാറുണ്ട്. ഞാന്‍ ഒരു കുട്ടി തന്നെയാണോ എന്ന് ഞാന്‍ തന്നെ സംശയിച്ചിട്ടുണ്ട്.
**
വളരെ തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങള്‍ ആയിരുന്നെങ്കിലും ഹിമ മോള്‍ക്ക്‌ വേണ്ടി സമയം കണ്ടെത്താന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതിനാല്‍ അവാം, വസ്ത്രധാരണത്തിലും ഭക്ഷണത്തിലും ഭാരതീയ സംസ്കാരം നിലനിര്‍ത്താന്‍ ഡില്ലന്‍ പ്രത്യേഗം ശ്രദ്ധിച്ചിരുന്നു എങ്കിലും പ്രിയക്ക് പടിഞ്ഞാറിനോടായിരുന്നു ആഭിമുഖ്യം. ഡില്ലന്‍റെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ പാകം ചെയ്യാന്‍ പ്രിയ നിര്‍ബന്ധിധയാകുകയായിരുന്നു. കുടുംബ ജീവിതത്തില്‍ ഇത്തരം പോരുത്തകെടുകള്‍ സാധാരണമാണങ്കിലും ഇവരെ സംബന്ധിച്ചടത്തോളം അവ വളര്‍ന്നു കുടുംബ ബന്ധത്തിന്‍റെ അടിത്തറ ഇളക്കുകയായിരുന്നു.

പ്രിയ, കൂടെ ജോലി ചെയ്യുന്ന പോള്‍ സ്മിത്തിനോടൊപ്പം കാര്‍ ഷെയരിങ്ങിലാണ് ജോലിക്ക് പോയി വന്നിരുന്നത്. അതായിരുന്നു കൂടുതല്‍ ലാഭകരവും. അവരുടെ ആ യാത്രകളില്‍ ഡില്ലന് ഒരു സംശയവും ഉണ്ടായിരുന്നില്ല. എന്നാല്‍ വീട്ടില്‍ വന്നതിനുശേഷവും പോളുമായുള്ള മൊബൈല്‍ഫോണ്‍ സംഭാഷണങ്ങള്‍ ഡില്ലനില്‍ സംശയത്തിന്‍റെ വിത്ത്‌ പാകി തുടങ്ങി. പ്രിയക്ക് തന്നോടും മോളോടും ഉള്ള സ്നേഹത്തിന്‍റെ ഊഷ്മളതയില്‍ കുറവ് വന്നു എന്ന് ബോധ്യമാക്കുന്നതായിരുന്നു അവളുടെ പ്രവര്‍ത്തികള്‍. ഭര്‍ത്താവായ തനിക്കും മോള്‍ക്കും അവകാശപെട്ടതെല്ലാം മറ്റാരോ തട്ടി എടുക്കുന്നു എന്നു ഉറപ്പായപ്പോള്‍ മാത്രമാണ്, ഡില്ലന്‍ പ്രിയയുടെ മൊബൈല്‍ഫോണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. രണ്ടു മെസ്സേജ് വായിച്ചപ്പോളെക്കും ഡില്ലന്‍ എല്ലാം മനസ്സിലാക്കിയിരുന്നു. രോഷത്തോടെ ഭാര്യയെ ആക്രമിക്കണ്ട സാഹചര്യം ഒഴിവാക്കി സ്വയം ദുര്‍ബലനായി അഭിനയിക്കുകയായിരുന്നു. ഹിമമോള്‍ പ്രായത്തില്‍ ചെറുതാണെങ്കിലും മൌനമായി എല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. ആ രാത്രിയിലായിരുന്നു അയാള്‍ ആ തീരുമാനം എടുത്തത്; “പിരിയുക “ ഒന്‍പതു വര്ഷം നീണ്ട ദാമ്പത്യബന്ധമാകുന്ന അഭിനയ കളരിയില്‍ നിന്ന് പിരിഞ്ഞു പോകുക.! നീണ്ട കത്തെഴുതി മേശപുറത്ത് വെച്ചു, കത്തിന്റെ ഉള്ളടക്കത്തില്‍ ഹിമ മോളെ കൂടെ കൊണ്ടുപോകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തതമാക്കിയിട്ടുണ്ടായിരുന്നു. പെണ്‍ കുഞ്ഞുങ്ങള്‍ക്ക്‌ അമ്മമാരുടെ സാമീപ്യം എത്രയോ ആവശ്യമാണന്ന് അവബോധംനല്‍കുന്ന കുറെ കുറിപ്പുകളും ആ കത്തിനോടൊപ്പം വെയ്ക്കാന്‍ അയാള്‍ മറന്നില്ല. ഹിമാമോളുടെ നെറ്റിയില്‍ ഒരു മുത്തം നല്‍കി, അയാള്‍ ആ പടിയിറങ്ങി. അയാളുടെ തേങ്ങലുകള്‍ പ്രകൃതി മെല്ലെ ഏറ്റെടുത്തു.
**
ഹിമമോളുടെ വീട്ടില്‍ പുതിയ താമസക്കാരന്‍ വരുന്നു എന്ന് അമ്മ പറഞ്ഞപ്പോള്‍ അത് സ്വന്തം അച്ഛന്‍റെ പകരക്കരനായിരിക്കും എന്ന് ആ കുഞ്ഞ് മനസ്സ് അറിഞ്ഞിരുന്നില്ല. ആ പുതിയ അന്തേവാസി തന്‍റെ പേര് പോള്‍ എന്ന് സ്വയം പരിച്ചയപെടുത്തിയപ്പോള്‍ മാത്രമാണ് ഹിമമോള്‍ക്ക് എല്ലാം മനസ്സിലായി തുടങ്ങിയത്. ഇയാള്‍ കാരണമാണ് തനിക്ക് സ്വന്തം അച്ഛനെ നഷ്ടപെട്ടതെന്ന തിരിച്ചറിവ് ഹിമമോളില്‍ അയാളോടുള്ള ദേഷ്യം വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. അച്ഛന്‍ അമ്മയോടോത്തു ഉറങ്ങിയിരുന്ന മുറിയിലേക്ക് അന്യനായ ഈ മനുഷ്യന്‍ കടന്നുപോകുന്ന കാഴ്ച തന്നില്‍ ഏല്പിക്കുന്ന മുറിവുകള്‍ എത്രമാത്രം സങ്കീര്‍ണമായി പരിണമിക്കുന്നു എന്ന് അവള്‍ പോലും അറിഞ്ഞിരുന്നില്ല. പോളിനോടുള്ള വെറുപ്പോ, ഭയമോ കാരണം എന്ത് തന്നെ ആയിരുന്നാലും അവള്‍ ഒരു കാര്യം തീരുമാനിച്ചുറച്ചിരുന്നു; നാളെ നേരം വെളുക്കുമ്പോലേക്കും അച്ഛന്‍റെ അടുത്തേക്ക് പോവുക!.

അമ്മയും പോളും ഉണര്‍ന്നില്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം ജാക്കറ്റ് ധരിച്ച് വാതില്‍ തുറന്നു പുറത്തേക്കു ഇറങ്ങി ഓടി. നല്ല തണുപ്പുള്ള പ്രഭാതമായിരുന്നെങ്കിലും ആ തണുപ്പ് അവളില്‍ സ്വാതന്ത്ര്യത്തിന്‍റെ കുളിര്‍മഴ പെയ്യിക്കുകയായിരുന്നു. അച്ഛന്‍ താമസിക്കുന്ന വീടിനടുത്തെത്തിയപ്പോള്‍, ആ വീടിന്‍റെ വാതില്‍ തുറന്നാരോ പുറത്തേക്ക് വരുന്നത് കണ്ട് അവള്‍ മുറ്റത്തുള്ള കുറ്റിച്ചെടിക്ക് പിന്നിലായി ഒളിച്ചിരുന്നു. ജാക്കറ്റിന്‍റെ സിബ് വലിചിട്ടുകൊണ്ട് ഇംഗ്ലീഷ് കാരിയായ ഒരു യുവതി പുറത്തേക്ക് ഇറങ്ങി വരുന്നു, തൊട്ടുപിന്നിലായി അച്ഛനും.

ആ യുവതിയുടെ അധരത്തില്‍ ചുംബിച്ച് യാത്ര പറഞ്ഞ് അച്ഛന്‍ അകത്തേക്കും ആ സ്ത്രീ പുറത്തേക്കും കടന്നു പോയി. സാന്ത്വനം തേടിയുള്ള തന്‍റെ യാത്ര ആ കുറ്റിച്ചെടിയുടെ പുറകില്‍ അവസാനിപ്പിക്കാന്‍ ഹിമമോള്‍ തയ്യാറല്ലായിരുന്നു. അവള്‍ അവിടെ നിന്ന് ഇറങ്ങി ഓടി.. എങ്ങോട്ടെന്നില്ലാതെ….സ്നേഹം തേടി സംരക്ഷണം തേടി….തൊട്ട് പുറകില്‍ നിര്‍ത്തിയ കാറില്‍ നിന്നിറങ്ങിയ പോലീസിനോട് അവള്‍ ഒന്ന് മാത്രമാണ് ആവശ്യപെട്ടത്‌: ദയവായി എന്നെ മാതാപിതാക്കളോടൊപ്പം വിടരുതേ എന്ന്.
**
ജനലിലൂടെ വിദൂരത്തേക്ക് നോക്കി നില്‍ക്കുന്ന ഹിമമോളുടെ തോളില്‍ തട്ടി, ഫോസ്റ്റര്‍ സെന്‍റര്‍-ലെ സ്ത്രീ പറഞ്ഞു “ഹിമക്ക് ഒരു വിസിറ്റര്‍ ഉണ്ട്”സാധാരണ ആരെയും കാണാന്‍ കൂട്ടാക്കാത്ത ഹിമമോള്‍ വിസിറ്റിംഗ് റൂമിലേക്ക്‌ കടന്നു ചെന്നപ്പോള്‍ തന്‍റെ അമ്മ ഒക്കത്ത് ഒരു കുട്ടിയുമായി നില്‍ക്കുന്നതാണ് കണ്ടത്. ആ കുട്ടിക്ക് മിശ്ര നിറമായിരുന്നു. വാരിപുണ രാന്‍ ഓടി വരുന്ന അമ്മയെ കണ്ടപ്പോള്‍ ഒതുങ്ങി മാറി നില്‍ക്കുകയായിരുന്നു ഹിമ.

പ്രിയ ; “ മോള്‍ എന്‍റെ കൂടെ വരാന്‍ തയ്യാറാകണം , പോള്‍ എന്നെ വിട്ട് പോയി, എല്ലാം എന്‍റെ തെറ്റാണ്”
പ്രിയ നിയന്ത്രണം വിട്ട് പൊട്ടി കരയുകയാണ്. കെട്ടിപിടിക്കാന്‍ വരുന്ന അമ്മയെ മാറ്റി നിര്‍ത്തി
ഹിമ : “ഞാന്‍ വരാം , തീര്‍ച്ചയായും വരാം, പോയി എന്‍റെ അച്ഛനുമായി തിരിച്ച് വാ. അല്ലാതെ എന്നെ കാണാന്‍ ശ്രമിക്കരുത്”.

ഇത്രയും പറഞ്ഞിട്ട് പൊട്ടി കരഞ്ഞു കൊണ്ട് ഹിമമോള്‍ അകത്തേക് ഓടി പോയി.
പക്വത വന്ന പത്തു വയസ്സുകാരിയുടെ നിശ്ചയദാര്‍ഢ്യം ആയിരുന്നു അവിടെ പ്രതിദ്ധ്വനിച്ചത്. അവര്‍ ഒരുമിച്ചു വരുമെന്നു വിശ്വാസം ഇല്ലെങ്കിലും പ്രതീക്ഷയുടെ ഒരു ചെറിയ കണിക മനസ്സില്‍ സൂക്ഷിച്ച്, പരിചയമില്ലാത്ത വഴികളിലൂടെ അവള്‍ യ്യാത്ര തുടരുന്നു…….

xx—————————————————————————————xx
സ്റ്റീഫന്‍ കല്ലടയില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.