1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2012

നിതാഖാത്ത്‌ (തരംതിരിക്കല്‍) നിയമം ശക്‌തമായി നടപ്പാക്കുമെന്നു സൗദി മന്ത്രാലയ വക്‌താവ്‌ ഹത്താബ്‌ അല്‍ അനസി വ്യക്‌തമാക്കി. ചുവപ്പ്‌, മഞ്ഞ വിഭാഗത്തിലെ സ്‌ഥാപനങ്ങളിലേക്കുള്ള തൊഴിലാളികളുടെ പ്രൊഫഷന്‍ ഭേദഗതി ചെയ്യുന്നതിനുള്ള സമയം കഴിഞ്ഞദിവസം അവസാനിച്ചു.

ഇനി ആവശ്യമായ അനുപാതത്തില്‍ സ്വദേശികള്‍ക്കു തൊഴിലവസരം നല്‍കുക മാത്രമാണു പരിഹാരമെന്നും സമയപരിധി നീട്ടി നല്‍കില്ലെന്നും മന്ത്രാലയം വ്യക്‌തമാക്കി. മഞ്ഞ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളുടെ ആറുവര്‍ഷത്തില്‍ അധികമായി ജോലി ചെയ്യുന്നവരുടെ ലേബര്‍ കാര്‍ഡ്‌ പുതുക്കല്‍, പ്രൊഫഷന്‍ മാറ്റം എന്നിവയാണു കഴിഞ്ഞദിവസം നിര്‍ത്തലാക്കിയത്‌.

സൗദി അറേബ്യയിലെ മൊത്തം സ്‌ഥാപനങ്ങളില്‍ 24 ശതമാനത്തോളം മഞ്ഞ വിഭാഗങ്ങളിലാണ്‌ എന്നുള്ളതാണു പുതിയ കണക്ക്‌. ഇന്ത്യക്കാരടക്കം പതിനായിരക്കണക്കിനാളുകള്‍ ഇത്തരം കമ്പനികളിലും സ്‌ഥാപനങ്ങളിലും ജോലി ചെയ്യുന്നുണ്ട്‌. ഒരു സ്‌ഥാപനത്തില്‍ 10 വിദേശികള്‍ക്കു രണ്ടു സൗദികളെ നിയമിക്കണമെന്നാണു പുതിയ വ്യവസ്‌ഥ. അധികൃതര്‍ സ്വദേശികളുടെ അനുപാതം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ വിദേശ തൊഴിലാളികളുടെ ലേബര്‍ കാര്‍ഡ്‌, ഇഖാമ എന്നിവ പുതുക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകാതെ വിദേശ തൊഴിലാളികള്‍ ബുദ്ധിമുട്ടേണ്ടതായി വരും. അതോടെ സൗദിയില്‍നിന്നു വിദേശികളുടെ തിരിച്ചുപോക്കു കൂടും.

അതേസമയം പച്ച, എക്‌സലന്റ്‌ വിഭാഗങ്ങളില്‍ പെട്ട സ്‌ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രൊഫഷന്‍ തുടര്‍ന്നും മാറ്റാവുന്നതാണ്‌. ഈ സ്‌ഥാപനങ്ങള്‍ക്കു നിതാഖാത്ത്‌ പദ്ധതി പ്രകാരം നല്‍കുന്ന പ്രോത്സാഹനം മാത്രമാണിതെന്നു തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി. എല്ലാത്തരം സ്‌ഥാപനങ്ങളിലേയും തൊഴിലാളികളുടെ പ്രൊഫഷന്‍ ഓണ്‍ലൈന്‍ വഴി ഭേദഗതി ചെയ്യുന്നതിനുള്ള സംവിധാനം തൊഴില്‍മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നു. ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും അടക്കമുള്ള പ്രൊഫഷന്‍ മാറ്റുന്നതിനു ലേബര്‍ ഓഫീസുകളെ നേരിട്ടു സമീപിക്കണം.

യഥാര്‍ഥത്തില്‍ നിര്‍വഹിക്കുന്ന ജോലിക്കനുസരിച്ചു വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍ ഭേദഗതി ചെയ്യാത്ത സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക്‌ ഓരോ തൊഴിലാളിക്കും 2000 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ സ്‌ഥാപനത്തിനു പിഴ ചുമത്താനാണു മന്ത്രാലയ തീരുമാനം. നിയമം കര്‍ശനമായതോടെ കഴിഞ്ഞദിവസം ജിദ്ദയിലും ദമാമിലും കര്‍ശന പരിശോധനയില്‍ മലയാളികളടക്കം നൂറുകണക്കിനു തൊഴിലാളികളാണു പിടിയിലായത്‌. ഇങ്ങനെ നിയമം ലംഘിച്ചും ഇഖാമ ഇല്ലാതെ സ്‌പോണ്‍സറില്‍നിന്ന്‌ ഒളിച്ചോടി വേറെ ജോലി നോക്കുന്ന പതിനായിരക്കണക്കിനു മലയാളികളെ വരുംദിവസങ്ങളില്‍ പിടികൂടി നാട്ടിലേക്കു കയറ്റിവിടുമെന്നുറപ്പാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.