ലളിതമായ ചടങ്ങുകളോടെ സഹൃദയ മനം നിറഞ്ഞ കേരളപ്പിറവി ആഘോഷിച്ചു. മനസ്സിന്റെ നന്മയാണ് കേരളത്തനിമ പ്രകടിപ്പിയ്ക്കാനുള്ള സത്യസന്ധമായ വഴി എന്ന് വിളിച്ചോതി കുട്ടികള്‍ ശ്യാമസുന്ദര കേരളത്തിന്റെ നൃത്തമാടി സദസ്സിനെ സന്തോഷിപ്പിച്ചു. കേരളത്തിന്റെ പഴമയുടെയും പ്രൌഡിയുടെയും വിവരണം നല്കി അജിത് വെണ്മണി കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പഴമയുടെ പെരുമയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.
അകാലത്തില്‍ മരണമടഞ്ഞ രവീന്ദ്രനാഥന്‍ പിള്ളയുടെ വിയോഗത്തില്‍ അശ്രുപൂജയോടെ മൃതദേഹം നാട്ടിലയക്കാന്‍ സഹകരിച്ച എല്ലാ സുമനസ്സുകള്‍ക്കും സഹൃദയ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പ്രകാശിപ്പിച്ചു. ശ്രീ നാഥന്റെ ആവശ്യത്തിലേയ്ക്ക് ലഭിച്ചതില്‍ ചിലവുകള്‍ക്ക് ശേഷം അധികമായി പിരിഞ്ഞുകിട്ടിയ ആയിരത്തി എണ്ണൂറോളം പൌണ്ട് എക്സിക്യൂട്ടീവിന്റെ തീരുമാനപ്രകാരം അദ്ദേഹത്തിന്റെ നാട്ടിലെ കുടുംബത്തിനു ചെക്കു മുഖാന്തിരം എത്തിച്ചു കൊടുത്തു എന്ന് ഖജാന്ജി ദു:ഖസമ്മിശ്ര വികാരമടക്കി അറിയിച്ചപ്പോള്‍ സദസ്സ് മൂകമായി ആ ആത്മാവിനും കുടുംബത്തിനും വേണ്ടി തേങ്ങി.
രക്താര്‍ബുദം ബാധിച്ചു മരണമടഞ്ഞ ലിവര്‍പൂള്‍ സ്വദേശിനി ജിജിയുടെ ആവശ്യത്തിലേയ്ക്കായി ഒരു തുക താമസംവിനാ അയച്ചുകൊടുക്കാന്‍ ഭാരവാഹികളെ സഹൃദയ അംഗങ്ങള്‍ ഒന്നടങ്കം ചുമതലപ്പെടുത്തിയതും, വരും വര്‍ഷങ്ങളില്‍ ഇതുപോലെ ഉണ്ടായേക്കാവുന്ന അടിയന്തിരാവശ്യങ്ങള്‍ക്കായി വര്‍ഷം തോറും ഒരു തുക മാറ്റി വെയ്ക്കേണ്ടതിനെക്കുറിച്ചും സ്ത്രീകളടക്കം വാചാലരായി.
സെബാസ്റ്റ്യന്‍, സജിമോന്‍, ഹാന്സ്, ജോഷി, ഫെബ്ബി, ആല്‍ബര്‍ട്ട് , മജോ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടികള്‍ ക്രിസ്തുമസ് നവവത്സരപരിപാടികള്‍ ഡിസംബര്‍ മുപ്പതിന് ഗംഭീരമായി നടത്താനും, കുട്ടികളെ മലയാളം പഠിപ്പിയ്ക്കുന്നതും നൃത്തം, സംഗീതം, വാദ്യോപകരണങ്ങള്‍ എന്നിവ പഠിപ്പിയ്ക്കുന്നത് തുടരാനും തീരുമാനിച്ചു.
വാര്‍ഷിക പൊതുയോഗത്തിന്റെ ഭാഗമായി വരും വര്‍ഷത്തെ ഭാരവാഹികളായി ടോമി വര്‍ക്കിയുടെ നേതൃത്വത്തില്‍ ഒരു പുത്തന്‍ നേതൃത്വനിരയെ പതിവുപോലെ തന്നെ ഐകകണ്ഠം തിരഞ്ഞെടുത്തപ്പോള്‍ സഹൃദയയ്ക്ക് നാലാം പിറന്നാളിലേയ്ക്കും നിറമധുരമായി. വളരുതോറും പിളരുകയും പിളരുന്തോറും പൊഴിയുകയും തമ്മിലടിയ്ക്കുകയും ചെയ്യുന്ന മലയാളി സംഘടനകള്ക്ക് സഹൃദയ ഒരു സൌഹൃദത്തിന്റെ നേര്‍ക്കാഴ്ചയാണെന്നു കണ്ട അതിഥികളായി എത്തിയവര്‍ അത്ഭുതം കൂറി.
സേവനത്തിലടിയുറച്ച നിസ്വാര്ത്ഥ സഹകരണവും കൂട്ടായ്മയും മാത്രമാണ് സഹൃദയയുടെ ലക്ഷ്യമെന്നും, കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ തന്നെ, ടണ്ബ്രിഡ്ജ് വെല്സിലേയ്ക്ക് വരുന്ന ഓരോ മലയാളിയ്ക്കും സമൂഹവുമായി ബന്ധം പുലര്‍ത്താനുള്ള സമ്പര്ക്ക വേദിയായി തുടര്ന്നും സഹൃദയ നിലകൊള്ളും എന്ന് സഹൃദയയുടെ പുതിയ ഭാരവാഹികള്‍ ഉറപ്പുനല്കി. മലയാളിയുടെ നന്മയുടെ ഭാവങ്ങള്‍ ഭാരതീയന്റെ സംസ്കൃതിയുടെ പെരുമയായി വരച്ചുകാട്ടും എന്ന് അടിവരയിടുന്നതായി ചര്ച്ചികള്‍ എല്ലാം തന്നെ.
ടണ്ബ്രിഡ്ജ് വെല്സിലെ പ്രശസ്തമായ മലയാളി രുചിയുടെ കലവറയായ കൊച്ചിന്‍ മറൈന്‍ ഒരുക്കിയ ഹൃദ്യമായ ഭക്ഷണത്തോടു കൂടി പരിപാടികള്‍ രാത്രി പത്തരയോടെ അവസാനിയ്ക്കുമ്പോഴും പിരിഞ്ഞു പോകാതെ സഹൃദയ കുടുംബാംഗങ്ങളും കുട്ടികളും കാത്തു നില്ക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല