സൗമ്യ കൊലക്കേസില്‍ ഗോവിന്ദച്ചാമിക്ക് വധശിക്ഷ. തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബുവാണ്് വിധി പ്രസ്താവിച്ചത്. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ വിധിയാണിതെന്ന് കോടതി കണ്ടെത്തി. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തമിഴ്നാട് കടലൂര്‍ സമത്വപുരം വിരുതാചലം സ്വദേശി ഗോവിന്ദച്ചാമി കൊലപാതകം, മാനഭംഗം, മോഷണം, പിടിച്ചുപറി, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തെന്ന് സംശയാസ്പദമായി തെളിയിക്കപ്പെട്ടെന്ന തൃശൂര്‍ അതിവേഗ കോടതി വിധി സാമൂഹിക തലത്തിലും നിയമ തലത്തിലും അഭിമാനിക്കാവുന്ന ഒന്നാണ്. ശിക്ഷിക്കപ്പെടാതെ പോകുന്ന ഓരോ കുറ്റവും സമൂഹത്തിന് നേരെയുള്ള കുറ്റമാണെന്ന നിയമഭൂമികയില്‍ നില്‍ക്കുമ്പോഴാണ് സൗമ്യ വധക്കേസില്‍ തൃശൂര്‍ അതിവേഗ കോടതിയില്‍ നിന്നുണ്ടായ ഈ വിധി ആശ്വാസവും അഭിമാനവുമാകുന്നത്. അനുദിനം പെരുകി വരുന്ന സ്ത്രീപീഡന കേസുകളുടെ നാട്ടില്‍ സൗമ്യയെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്ത പ്രതിക്ക് ശിക്ഷ വിധിച്ച കോടതി, നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് സ്ത്രീത്വത്തിന്റെ പരിരക്ഷയുമാണ് നടത്തിയിരിക്കുന്നത്.
2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളം-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന മഞ്ഞക്കാട് സ്വദേശി സൗമ്യ എന്ന 23-കാരി തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വെച്ച് ആക്രമിക്കപ്പെട്ടതും പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച് അന്ത്യശ്വാസം വലിച്ചു. ഫെബ്രുവരി നാലിനാണ് ഗോവിന്ദച്ചാമി അറസ്റ്റിലാകുന്നത്. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാക്ഷി മൊഴികളും സാഹചര്യ തെളിവുകളും മുന്‍നിര്‍ത്തിയാണ് വിചാരണ നടന്നത്. ഏക പ്രതി മാത്രമുള്ള ഈ കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. തെളിവിലേക്ക് 43 തൊണ്ടി മുതലുകളും 101 രേഖകളും സമര്‍പ്പിക്കപ്പെട്ടു. 1000 പേജുള്ള കുറ്റപത്രം മൂന്ന് വോളിയങ്ങളായി സിഡിയിലാക്കിയാണ് സ്പെഷ്യല്‍ പ്രോസിക്യട്ടര്‍ക്ക് പോലീസ് നല്‍കിയത്. 4000ത്തിലധികം വരുന്ന സാക്ഷി മൊഴികള്‍ ജഡ്ജി രവീന്ദ്രബാബു നേരിട്ട് സ്വന്തം കൈപ്പടയില്‍ എഴുതിയെടുക്കുകയായിരുന്നു. 11 ദിവസം കൊണ്ട് അവസാനിക്കുമെന്ന് കരുതി തുടങ്ങിയ വിചാരണ തീരാന്‍, അങ്ങനെ അഞ്ച് മാസം വേണ്ടി വന്നു.
വിവിധ തലങ്ങളില്‍ ശ്രദ്ധേയമായിരുന്നു സൗമ്യ വധക്കേസിന്റെ വിചാരണ. ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്ന വ്യക്തിയെന്ന് പോലീസ് ആരോപിക്കുന്ന ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാനെത്തിയ മുംബൈ അധോലോക ഭീകരന് അരുണ്‍ ഗാവ്ലിയുടെ കേസുകള്‍ വാദിക്കുന്ന അഡ്വ. ബി.ആര്.ആളൂരടക്കം അഞ്ചംഗ അഭിഭാഷക സംഘമാണ്. 12 ലക്ഷം രൂപയാണ് വക്കീല്‍ ഫീസായി ഇവര്‍ക്ക് നല്‍കിയത്. മുംബൈ പനവേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ് അഡ്വ. ആളൂരിന് ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏല്പിച്ചത്. വന്‍ അധോലോക സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമി എന്ന് ഇത് വ്യക്തമാക്കുന്നു.
എന്നിട്ടും ഈ ഗോവിന്ദച്ചാമി ആരാണെന്നോ എന്താണ് അദ്ദഹത്തിന്റെ ഭൂതകാലമെന്നോ അന്വേഷിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തി, എങ്കിലും പ്രോസിക്യഷന്റെ ശാസ്ത്രീയമായ ഇടപെടലും വിശകലനവും വാദവും മൂലം പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ സാധിച്ചു. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധോലോകസംഘത്തിലെ കണ്ണിയാണ് ഗോവിന്ദച്ചാമി. ആളൂരിനെപ്പോലെയുള്ള ഒരു വക്കീലിനെ വക്കാലത്ത് ഏല്‍പ്പിക്കാന്‍ കേവലം ഒരു ഭിക്ഷക്കാരന് സാധിക്കുകയില്ല . അപ്പോള്‍ പോലും ഇന്ത്യന്‍ ഭരണഘടനയും ശിക്ഷാ നിയമവും അനുശാസിക്കുന്ന പ്രതിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൃശൂര്‍ അതിവേഗ കോടതി പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. പ്രതിക്ക് തന്റെ ഭാഗം നിയമപരമായി വാദിക്കാന്‍ അവസരം നല്കിയ ശേഷമാണ് വസ്തുതകളും തെളിവുകളും വിലയിരുത്തി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഇത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ശക്തിയെയാണ് വ്യക്തമാക്കുന്നത്.
നാടകീയമായ നിരവധി സംഭവങ്ങള്‍ കേസിന്റെ വിചാരണക്കിടയിലുണ്ടായി. പ്രതിയെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തതു മുതല്‍ പ്രോസിക്യൂഷന്റെ നിര്‍ണ്ണായക സാക്ഷി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. ഉന്മേഷിന്റെ കൂറുമാറ്റം വരെയുള്ള പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഈ കേസിലുണ്ടായി. സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി കേസിന്റെ അന്തിമവിധിയെ സ്വാധീനിക്കാനുള്ള പ്രതിഭാഗത്തിന്റെ നീക്കമായിരുന്നു ഇതെല്ലാം.. എന്നാല്‍, അവയെയെല്ലാം നിയമം അനുശാസിക്കുന്ന രീതിയില്‍ തരണം ചെയ്ത് വിധി പ്രഖ്യാപിക്കാനയത് ജഡ്ജി രവീന്ദ്രബാബുവിന് നീതിന്യായ വ്യവസ്ഥയോടുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്. നിരവധി പ്രതിസന്ധികളും പ്രതിബദ്ധങ്ങളുമുണ്ടായിട്ടും അഞ്ചുമാസത്തിനുള്ളില്‍ വിസ്താരം പൂര്‍ത്തിയാക്കി വിധി പറഞ്ഞതിലൂടെ ശ്രമിച്ചാല്‍ കേസ് വിസ്താരം നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ തന്നെ നടത്തി വിധി പ്രഖ്യാപിക്കാന്‍ കഴിഞ്ഞെന്ന ചാരിതാര്‍ത്ഥ്യം ജഡ്ജി രവീന്ദ്രബാബുവിനുണ്ട്.
അതേസമയം, ഡോ. ഉന്മേഷിനെപ്പോലെയുള്ള നിര്‍ണ്ണായക സാക്ഷികളെ വിലയ്ക്കെടുത്ത് വിചാരണയുടെ സ്വഭാവം അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും ശ്രദ്ധിക്കേണ്ടതാണ്. സമാനതകളില്ലാത്ത കുറ്റമാണ് ഗോവിന്ദച്ചാമി ചെയ്തതെന്നും അതുകൊണ്ട് പരമാവധി ശിക്ഷ തന്നെ നല്‍കണമന്നുമാണ് പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍, ദൃക്സാക്ഷികള്‍ ഇല്ല എന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണയെ സ്വാധീനിക്കാന്‍ നിരവധി വേറിട്ട വഴികളിലൂടെ പ്രതിഭാഗം വിസ്താരവും വാദവും നടത്തിയെങ്കിലും കേരളം ആഗ്രഹിച്ചതുപോലെ പ്രതി ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. ഇത്തരം ഒരു കേസില്‍ പ്രതിയെ ശിക്ഷിച്ചുകൊണ്ട് വിധി വന്നിരിക്കുന്നത് നിരന്തരം ആക്രമിക്കപ്പെടുന്ന കേരളത്തിലെ സ്ത്രീത്വത്തെക്കുറിച്ച് വേവലാതി കൊള്ളുന്ന മനസ്സുകള്‍ക്ക് ആശ്വാസം പകരുന്നത് തന്നെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല