1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2016

സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവ് ആവശ്യപ്പെട്ട് സുപ്രീം കോടതി, സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം. സൗമ്യയെ തള്ളിയിട്ടതിനെ തെളിവ് ആരാഞ്ഞപ്പോള്‍ പ്രോസിക്യൂഷന്‍ മൗനം പാലിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. സൗമ്യയെ ഗോവിന്ദച്ചാമി കൊല ചെയ്‌തെന്നു ബോധ്യപ്പെടുത്തണമെന്നും കോടതിയില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സര്‍ക്കാരിനോട് കോടതി പറഞ്ഞു. ഗോവിന്ദച്ചാമിയുടെ വധശിക്ഷക്ക് എതിരായ അപ്പീല്‍ പരിഗണിക്കുന്നതിന് ഇടയിലായിരുന്നു കോടതിയുടെ പരാമര്‍ശം.

സൗമ്യ മാനഭംഗത്തിന് ഇരയായെന്നു കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ സൗമ്യ സ്വയം ചാടിയതാണോ എന്ന് വ്യക്തമല്ല. തലയ്‌ക്കേറ്റ പരുക്കേറ്റാണ് സൗമ്യയുടെ മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രെയിനില്‍ നിന്ന് വീണതുമൂലമുള്ള പരുക്കായിരിക്കാമിത്. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തുനിന്ന് ഷൊര്‍ണൂരിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് സൗമ്യ കൊല്ലപ്പെട്ടത്. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്ന സൗമ്യയെ ട്രെയിനില്‍ കയറിയ തമിഴ്‌നാട് സ്വദേശിയും വികലാംഗനുമായ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ സൗമ്യയെ അതിക്രൂരമായി ബലാത്സാംഗം ചെയ്തുവെന്നാണ് കേസ്. ആശുപത്രിയില്‍ അഞ്ചു ദിവസം ജീവനുവേണ്ടി പോരാടിയ സൗമ്യ ഒടുവില്‍ മരണത്തിനു കീഴ്ടടങ്ങുകയായിരുന്നു.

2011 നവംബര്‍ 11ന് പ്രതിക്ക് വധശിക്ഷക്ക് പുറമേ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യതെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു വിചാരണ നടപടികള്‍. വധശിക്ഷക്കെതിരെ ഗോവിന്ദച്ചാമി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലൂം വിധി ശരിവച്ചതിനെ തുടര്‍ന്ന് പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.