സ്വന്തം ലേഖകന്‍: സൗമ്യ വധക്കേസ്, പുനഃപരിശോധന ഹര്‍ജി തള്ളി, ജസ്റ്റീസ് മാര്‍ക്കണ്ഡേയ കാട്ജുവിനെതിരെ കോടതിയലക്ഷ്യ നടപടി. കാട്ജുവിന്റെ ബ്ലോഗിലൂടെയുള്ള വിമര്‍ശനം കോടതിയെ അപമാനിക്കുന്നതാണെന്നും അതിന്റെ പേരില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിലെ അസാധാരണ സംഭവം അരങ്ങേറിയത്.
ഇടയ്ക്ക് ജസ്റ്റീസ് കാട്ജുവും വിധി പറഞ്ഞ ജസ്റ്റീസ് രഞ്ജന്‍ ഗോഗോയും തമ്മില്‍ നേരിട്ട് വാക്കുതര്‍ക്കവുമുണ്ടായി. കോടതിയെ കൂടുതല്‍ പ്രകോപിപ്പിക്കരുതെന്ന് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ആവശ്യപ്പെട്ടപ്പോള്‍ തനിക്കത് പ്രശ്‌നമല്ലെന്നായിരുന്നു കാട്ജുവിന്റെ നിലപാട്. തര്‍ക്കം രൂക്ഷമായപ്പോള്‍ ആരെങ്കിലും ഇടപെട്ട് കാട്ജുവിനെ പുറത്തേക്ക് വിളിച്ചുകൊണ്ട് പോകണമെന്നും ജസ്റ്റീസ് ഗോഗോയ് പറഞ്ഞു.
കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി, കൊലക്കുറ്റം ഒഴിവാക്കിയത് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം ഹാജരായ കാട്ജു തന്റെ വാദം സമര്‍ത്ഥിച്ചു. സൗമ്യയെ മാരകമായി പരുക്കേല്‍പ്പിച്ച് മരണത്തിലേക്ക് തള്ളി വിട്ട ഗോവിന്ദച്ചാമി കൊലയാളി തന്നെയാണെന്നും അജ്ഞാതനായ മൂന്നാമതൊരു വ്യക്തിയെ കുറിച്ച് നാല്പതും നാല്പത്തിയൊന്നും സാക്ഷികള്‍ പറഞ്ഞ കഥ കെട്ടിച്ചമച്ചതാണെന്നും സൗമ്യ അപകടത്തില്‍പെട്ടപ്പോള്‍ ട്രെയിന്‍ അപായച്ചങ്ങല വലിച്ച് നിര്‍ത്താന്‍ കഴിയാത്തതിലുള്ള വിഷയമമാണ് ഇത്തരമൊരു കെട്ടുകഥ ചമയ്ക്കുന്നതിലേക്ക് നയിച്ചതെന്നും കാട്ജു വാദിച്ചു.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയും ഇതിനെ പിന്തുണച്ചു. എന്നാല്‍ ഇവരുടെ വാദം തള്ളിയ സുപ്രീം കോടതി, ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. കോടതി വിധിയെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച ജസ്റ്റീസ് കാട്ജുവിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടോതെന്നും കോടതി ആരാഞ്ഞു. കാട്ജുവിന്റെ പരാമര്‍ശം കോടതിയെ അപമാനിക്കുന്നതാണ്. കോടതിയെ അല്ല, വിധി പറഞ്ഞ മൂന്നു ജഡ്ജിമാരെയാണ് വിമര്‍ശിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ കോടതി പുറത്തുവിട്ട വിധിയെ ആണ് താന്‍ വിമര്‍ശിച്ചതെന്നും കാട്ജു കോടതിമുറിയില്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു. കോടതിയെ കൂടുതല്‍ പ്രകോപിപ്പിച്ച് നടപടി ക്ഷണിച്ചുവരുത്തരുതെന്ന് ജ.ഗോഗോയ് പറഞ്ഞപ്പോള്‍ തനിക്കത് പ്രശ്‌നമല്ലെന്നും ഒരു നടപടിയെയും ഭയക്കുന്നില്ലെന്നും ജ.കാട്ജു വ്യക്തമാക്കി. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ നേര്‍ക്കുനേര്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല