സ്വന്തം ലേഖകൻ: ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് വിട നൽകി പിറന്ന നാട്. ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലായിരുന്നു സംസ്കാരം. ഇസ്രയേൽ കോൺസുലേറ്റ് ജനറലും അന്തിമോപചാരം അർപ്പിക്കാനെത്തി. ഇസ്രയേൽ ജനത സൗമ്യയെ ഒരു മാലാഖയായിട്ടാണ് കാണുന്നതെന്നും കുടുംബത്തിനൊപ്പം ഇസ്രയേൽ സർക്കാർ ഉണ്ടെന്നും വീട്ടിലെത്തിയ കോൺസൽ ജനറൽ പറഞ്ഞു.
സൗമ്യയുടെ മകൻ അഡോണിന് ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാക അടങ്ങിയ ബാഡ്ജ് നൽകുകയും ചെയ്തു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് കീരിത്തോടുള്ള വീട്ടിലേക്ക് സൗമ്യയുടെ ഭൗതികശരീരം എത്തിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
വീട്ടിലെ ശുശ്രൂഷകൾ പൂർത്തിയാക്കി രണ്ടു മണിക്ക് ഭൗതികശരീരം കീരീത്തോട് നിത്യസഹായമാതാ പള്ളിയിൽ എത്തിച്ചു. ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലികുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലും പള്ളിയിലുമായി എത്തിയിരുന്നു.
ഇസ്രയേലിലെ അഷ്കലോണിൽ 10 വർഷമായി ഹോം നഴ്സായ സൗമ്യ 2019 ലാണ് ഒടുവിൽ നാട്ടിൽ വന്നത്. അടുത്തു തന്നെ മകൻ അഡോണിന്റെ ആദ്യ കുർബാന ചടങ്ങിന് നാട്ടിലെത്താൻ തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല