ടെസ്‌റ്റ് ക്രിക്കറ്റില്‍ സംഭവിക്കാത്തതെല്ലാം സംഭവിച്ച ഒന്നാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയ്‌ക്ക് എട്ടു വിക്കറ്റ് ജയം. 236 റണ്‍സിന്റെ വിജയ ലക്ഷ്യം തേടിയിറങ്ങിയ അവര്‍ രണ്ടു ദിവസവും എട്ടു വിക്കറ്റും കൈയിലിരിക്കെയാണു ജയമറിയുന്നത്. സ്‌കോര്‍: ഓസ്‌ട്രേലിയ – ഒന്നാം ഇന്നിംഗ്‌സ് 284, രണ്ടാം ഇന്നിംഗ്‌സ് 47. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ് 96, രണ്ടാം ഇന്നിംഗ്‌സ് രണ്ടിന് /236.
രണ്ട് ടെസ്‌റ്റുകളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-0 ത്തിനു മുന്നിലെത്തി. രണ്ടു ടീമുകളും ഒരൊറ്റ ദിവസം തന്നെ ഓള്‍ഔട്ടായി ചരിത്രം സൃഷ്‌ടിച്ച ടെസ്‌റ്റില്‍ നായകന്‍ ഗ്രെയിം സ്‌മിത്തും ഷാഹിം ആംലയും നേടിയ സെഞ്ചുറികളാണു ദക്ഷിണാഫ്രിക്കയെ ജയിപ്പിച്ചത്. സ്‌മിത്ത് 101 റണ്‍സുമായി പുറത്താകാതെനിന്നു. ആംല 112 റണ്‍സിനു പുറത്തായി. ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ 47 റണ്‍സിനു പുറത്തായ പിച്ചിലാണ് സ്‌മിത്തിന്റെയും ആംലയുടെയും ബാറ്റിംഗ് പ്രകടനം. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 195 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 248 പന്തുകള്‍ നേരിട്ട സ്‌മിത്- ആംല സഖ്യം 184 മിനിട്ടാണ് ക്രീസില്‍നിന്നത്. ന്യൂലാന്‍ഡിലെ ഇതേ പിച്ചിലാണു തലേദിവസം 23 വിക്കറ്റുകള്‍ വീണതെന്ന തോന്നലു പോലും ശേഷിപ്പിക്കാതെയായിരുന്നു അവരുടെ ബാറ്റിംഗ്.
ഒരു വിക്കറ്റിന് 88 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക കരുതലോടെയാണു തുടങ്ങിയത്. ആദ്യ ഒരു മണിക്കൂറില്‍ അവര്‍ 31 റണ്‍സ് മാത്രമാണു നേടിയത്. സ്വന്തം സ്‌കോര്‍ 29 ല്‍ നില്‍ക്കുമ്പോള്‍ ആംല നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ ഷെയ്‌ന്‍ വാട്‌സണ്‍ പാഴാക്കിയത് ഓസീസിനു തിരിച്ചടിയായി. 184 പന്തില്‍ 21 ഫോറടക്കം 112 റണ്‍സെടുത്ത ആംലയെ മിച്ചല്‍ ജോണ്‍സണ്‍ പുറത്താക്കി. 60 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒന്നാം ഇന്നിംഗ്‌സില്‍ നൂറില്‍ കുറഞ്ഞ റണ്‍സിനു പുറത്തായ ടീം പിന്നീട് ജയിക്കുന്നത്. അരങ്ങേറ്റ ടെസ്‌റ്റില്‍ അഞ്ചു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെര്‍നോന്‍ ഫിലാന്‍ഡറാണ് മത്സരത്തിലെ കേമന്‍.
രണ്ടാം ദിവസം ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ ഒന്നാം ഇന്നിംഗ്‌സില്‍ 96 റണ്‍സിന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയ്‌ക്കും തിരിച്ചടി ലഭിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ അവര്‍ വെറും 47 റണ്‍സിനാണ് ഓള്‍ഔട്ടായത്. ടെസ്‌റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 10 ഇന്നിംഗ്‌സ് സ്‌കോറുകളിലൊന്നാണിത്. രണ്ടാം ദിവസം 22 വിക്കറ്റുകളാണു വീണത്. പരമ്പരയിലെ അവസാന ടെസ്‌റ്റ് ജൊഹാനസ്‌ബര്‍ഗില്‍ 17 നു തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല