സ്വന്തം ലേഖകൻ: അര മണിക്കൂർ കൂടുേമ്പാൾ മാത്രം ഒരു കാർ കടന്നുപോയിരുന്ന പ്രദേശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രദേശത്തുള്ള ലേഡിസ്മിത്തിന് സമീപത്തെ ക്വഹ്ലതി എന്ന ഗ്രാമം. ഇന്ന് അവിടേക്ക് പ്രതിദിനം ഒഴുകിയെത്തുന്നത് നാലായിരത്തോളം പേരാണ്. ഭാഗ്യം തേടിയാണ് ആളുകളുടെ ഈ ഒഴുക്ക്. അവിടെ നിന്ന് വജ്രം കുഴിച്ചെടുക്കാവുന്ന വിശ്വാസമാണ് അവരെ നയിക്കുന്നത്.
ഇവിടുത്തെ ഭൂമി കുഴിച്ച ഒരു ആട്ടിടയന് വജ്രത്തിന് സമാനമായ വസ്തു ലഭിച്ചതോടെയാണ് ക്വഹ്ലതി ഭാഗ്യാന്വേഷികളുടെ പറുദീസ ആയത്. വജ്രത്തിന് സമാനമായ സ്ഫടിക രൂപത്തിലുള്ള കല്ലുകളാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. ഒരേസമയം, ആയിരത്തിന് മുകളിൽ ആളുകളാണ് ഭാഗ്യപരീക്ഷണത്തിനായി കൈക്കോട്ടും പിക്ക് ആക്സുമായി ഈ ഭൂമി ഉഴുതുമറിക്കുന്നത്.
ജൂൺ ഒമ്പതിനാണ് ഇവിടെ നിന്ന് ഇത്തരം കല്ലുകൾ കിട്ടിത്തുടങ്ങിയത്. ഇന്‍റർനെറ്റ് ലഭ്യത കുറവായ ഗ്രാമത്തിൽ സാമൂഹിക മാധ്യമങ്ങൾ സജീവമല്ലാത്തതിനാൽ ഈ വാർത്ത അധികമൊന്നും ആദ്യം പ്രചരിച്ചില്ല. പക്ഷേ, ഇതിന്‍റെ ചിത്രങ്ങൾ നഗരത്തിലുള്ളവർക്ക് ലഭിച്ചതോടെ ഇവിടേക്കുള്ള ആളുകളുടെ ഒഴുക്ക് വർധിച്ചു. ഒരുമീറ്റർ കുഴിച്ചാൽ വജ്രത്തിന് സമാനമായ കല്ലുകൾ ലഭിക്കും. ഇവ വജ്രങ്ങളാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പക്ഷേ, ഈ കല്ലുകൾ തങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്നാണ് ഇവിടെയെത്തുന്നവർ പറയുന്നതെന്ന് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കാലങ്ങളായി ജീവിതം വഴിമുട്ടി നിൽക്കുന്നവരും തൊഴില്‍രഹിതർ ആയവരുമാണ് വജ്ര ഖനനത്തിനായി ആവേശത്തോടെ ഇറങ്ങിതിരിച്ചിരിക്കുന്നത്. കല്ലുകൾ ലഭിച്ച പലരും തുച്ഛ വിലക്ക് അവ വിറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 13ാം തീയതി ആയതോടെയാണ് കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിത്തുടങ്ങിയത്.
അതോടെ പ്രദേശത്ത് ഖനനത്തിന് ഇറങ്ങുന്ന ആളുകളോട് പിരിഞ്ഞു പോകണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടു. സ്ഥലത്തുനിന്ന് ഭൂമിശാസ്ത്ര, ഖനന വിദഗ്ധർ സാമ്പിളുകൾ എടുത്തുകൊണ്ടുപോയിട്ടുണ്ട്. ഇതിന്‍റെ പരിശോധനഫലം ജൂലൈ പകുതിയോടെ ലഭിക്കുമെന്നാണ് സൂചന.
ഇവ വജ്രങ്ങളല്ലെന്നും മറിച്ച് ക്വാര്‍ട്സ് ക്രിസ്റ്റല്‍ തരികളാണെന്നുമാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. എന്നാൽ, തിടുക്കത്തിൽ സർക്കാർ വിദഗ്ധരെ പരിശോധനക്ക് അയച്ചത് ഇവ വജ്രങ്ങളാണ് ഉറപ്പിച്ചതിനെ തുടർന്നാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഗ്രാമത്തിൽ നല്ല റോഡുകളോ സ്കൂളോ ഇല്ലെന്ന് പരാതിപ്പെട്ട് വർഷങ്ങളായിട്ടും തിരിഞ്ഞുനോക്കാത്ത സർക്കാർ ധ്രുതഗതിയിൽ പരിശോധനക്ക് ആളെ വിട്ടത് അതുകൊണ്ടാണെന്നാണ് പ്രദേശവാസികളുടെ കണ്ടെത്തൽ.
കോവിഡ് കാലത്ത് തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായ രാജ്യംകൂടിയാണ് ദക്ഷിണാഫ്രിക്ക. മൂന്ന് കോടിയിലധികം പേർ രാജ്യത്ത് പട്ടിണിയിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാലാണ് ക്വഹ്ലതിയിൽ വജ്രം ഉണ്ടെന്ന വാർത്ത കേട്ടതോടെ ആയിരങ്ങൾ ഇവിടേക്ക് ഒഴുകുന്നത്. താനിതുവരെ വജ്രം കാണുകയോ സ്പര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നും ഇതാദ്യമായാണ് തന്‍റെ കൈയ്യില്‍ വജ്രം ലഭിക്കുന്നതെന്നും ഖനനത്തില്‍ ഏര്‍പ്പെട്ട സ്കുംബോസോ എന്നയാൾ പറഞ്ഞു.
കുടുംബാംഗങ്ങളുമായി ലോകസഞ്ചാരത്തിന് പോകണം, കാറുകൾ വാങ്ങണം, ക്ലബുകളിൽ പോയി ഉല്ലസിക്കണം, വീട് വെക്കണം തുടങ്ങി നിരവധി സ്വപ്നങ്ങളാണ് ഇവിടെ എത്തിയവർ മാധ്യമങ്ങളോട് പങ്കുവെച്ചത്. ലോകത്ത് വന്‍കിട വജ്ര നിക്ഷേപമുള്ള രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക. 1866ല്‍ ഇരാസ്മസ് ജേക്കബ്‌സ് എന്ന യുവകര്‍ഷകനാണ് ആദ്യമായി പ്രദേശത്ത് വജ്രം കണ്ടെത്തിയത്. 2019ൽ 7.2 മില്യൺ കാരറ്റ് വജ്രമാണ് ദക്ഷിണാഫ്രിക്കയിൽ ഉൽപാദിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല