1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2019

സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ 57.51 ശതമാനം വോട്ടുമായി വീണ്ടും നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടി എ.എന്‍.സി ഭരണം പിടിച്ചു. ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (എ.എന്‍.സി) വീണ്ടും ഭരണത്തില്‍. 57.51 ശതമാനം വോട്ട് നേടിയാണു ഭരണകക്ഷിയായ എ.എന്‍.സി വിജയത്തുടര്‍ച്ച നേടിയത്. ശനിയാഴ്ച അന്തിമ ഫലപ്രഖ്യാപനം വന്നത്.

വിജയത്തുടര്‍ച്ചയുണ്ടായെങ്കിലും 1994നുശേഷം ഏറ്റവും കുറവ് വോട്ടുവിഹിതമാണ് ഇത്തവണ എ.എന്‍.സിയുടേത്. 2004ല്‍ 69 ശതമാനവും കഴിഞ്ഞതവണ 62 ശതമാനവും വോട്ട് നേടിയാണ് അവര്‍ അധികാരത്തിലെത്തിയത്. മുന്‍ പ്രസിഡന്റ് ജേക്കബ് സുമയടക്കമുള്ളവര്‍ക്കെതിരേ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും സമ്പദ്‌വ്യവസ്ഥയ താറുമാറായതുമാണ് വോട്ടുവിഹിതം കുറയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും പാര്‍ട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുകയും ചെയ്യുക എന്നീ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ചുമലിലേറ്റിയാണു കഴിഞ്ഞവര്‍ഷം ജേക്കബ് സുമയ്ക്കു പകരം സിറില്‍ റാമഫോസ പ്രസിഡന്റ് പദവിയിലെത്തിയത്. അഴിമതിക്കെതിരേ പോരാടുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുമായിരിക്കും ലക്ഷ്യമെന്ന് പാര്‍ട്ടി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജെസി ഡുവര്‍ട്ട് പറഞ്ഞു. തെറ്റുകള്‍ തിരുത്തുമെന്നും ഡുവര്‍ട്ട് വ്യക്തമാക്കി.

നെല്‍സണ്‍ മണ്ടേലയുടെ പാര്‍ട്ടിയുടെ വോട്ടുവിഹിതം കുറഞ്ഞതു ക്രമാതീതമായാണ്. 2016ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ വലിയ തോതിലാണ് പാര്‍ട്ടിക്കുണ്ടായിരുന്ന പിന്തുണയില്‍ കുറവുവന്നത്. തങ്ങളുടെ പ്രധാനപ്പെട്ട ഇടങ്ങള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ കൈയടക്കുന്നത് അവര്‍ക്കു കാണേണ്ടിവന്നു. അതേസമയം പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് സഖ്യത്തിന് (ഡി.എ) ലഭിച്ചത് 20.76 ശതമാനം വോട്ടാണ്. രാജ്യത്തിന്റെ ദേശീയ അസംബ്ലിയില്‍ നാനൂറ് അംഗങ്ങളാണുള്ളത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.