1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2017

 

സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചു, ചൈനയുമായി ഉരസാനുറച്ച് അമേരിക്ക. ദക്ഷിണാ ചൈനാ കടലിലെ തര്‍ക്കത്തില്‍ അമേരിക്ക ഇടപെടുന്നതിനെതിരെ ചൈനീസ് വിദേശമന്ത്രാലയം ബുധനാഴ്ച മുന്നറിയിപ്പുമായി വന്നതിനു പിന്നാലെയാണ് പടക്കപ്പല്‍ മേഖലയിത്തെയത്. തര്‍ക്ക മേഖലയില്‍ അമേരിക്കന്‍ നാവിക സേന പട്രോളിങ് തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച യു.എസ് എസ് കാള്‍ വിന്‍സണ്‍ എന്ന കപ്പലിനെയാണ് ദക്ഷിണ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മേഖലയില്‍ ചൈന നാവികാഭ്യാസം നടത്തിയത്. പ്രതിവര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളറിന്റെ വ്യാപാരം നടക്കുന്ന നാവിക പാതയാണ് ദക്ഷിണ ചൈനാ കടല്‍. ധാതു സമ്പുഷ്ടമായ ആ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അവകാശ വാദത്തിന് പുറമെ ഇവിടെ കൃത്രിമ ദ്വീപ് നിര്‍മ്മിച്ച് സൈനിക താവളം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. തന്ത്രപ്രധാനമായ ഇവിടെ ബ്രൂണെ, മലേഷ്യ, ഫിലിപ്പിന്‍സ്, തായ്വാന്‍. വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ അവകാശമുന്നയിക്കുന്നുണ്ട്.

അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്കയുടെ യുദ്ധക്കപ്പല്‍ ചൈനീസ് മേഖലയില്‍ പ്രവേശിച്ചതു സംബന്ധിച്ചുള്ള കുറിപ്പ് വിന്‍സണിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ പ്രദേശത്ത് അമേരിക്ക–ചൈന സംഘര്‍ഷ സാധ്യത കൂടി. ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കയുടെ ഈ കടല്‍നീക്കം. പ്രേദശത്തെ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യാന്തര അധീനതയിലുള്ള പ്രദേശത്തെ ഒരു രാഷ്ട്രം കൈവശെപ്പടുത്തുന്നത് തടയണമെന്നതാണ് അമേരിക്കയുടെ നിലപാട്.

അതേസമയം, അതിര്‍ത്തി ലംഘിച്ചാല്‍ നോക്കിനില്‍ക്കില്ലെന്ന് ചൈനീസ് വിദേശ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചൈനീസ് നിയന്ത്രണത്തിലുള്ള ദ്വീപുകള്‍ രാജ്യാന്തര നിയന്ത്രണത്തില്‍ വരണമെന്നും ഈ ദ്വീപുകള്‍ കൈവശം വയ്ക്കാന്‍ ചൈനയെ അനുവദിക്കില്ലെന്നും അമേരിക്ക നിലപാടു കടുപ്പിച്ചതോടെ ദക്ഷിണ ചൈനാ കടല്‍ കൂടുതല്‍ സംഘര്‍ഷ ബാധിത മേഖലയായി മാറുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.