1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2024

സ്വന്തം ലേഖകൻ: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ത്തന്നെ ഓഫീസ് ജോലികളും ചെയ്യാന്‍കഴിയുന്ന ‘വര്‍ക്കേഷന്‍’ എന്ന പുതിയ തൊഴില്‍രീതി ലോക വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. വിദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോലും ദീര്‍ഘകാലം താമസിച്ച് സ്വന്തം ജോലി ചെയ്യാനാണ് ഇപ്പോള്‍ പലരും തയ്യാറാവുന്നത്. അത്തരത്തില്‍ വിദേശങ്ങളില്‍ വര്‍ക്കേഷന്‍ സാധ്യതകള്‍ അന്വേഷിക്കുന്നവര്‍ക്കായി പുതിയ വീസ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയ.

ഡിജിറ്റല്‍ നൊമാഡ് വീസ എന്ന പേരിലുള്ള ഈ വീസയെടുക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ദക്ഷിണ കൊറിയയില്‍ താമസിക്കാം. ഓണ്‍ലൈനായി സ്വന്തം രാജ്യത്തെ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തെ ജോലി തുടരുകയും ചെയ്യാം. ജനുവരി ഒന്നിനാണ് നൂതനമായ ഈ വീസ സംവിധാനം രാജ്യത്ത് നിലവില്‍ വന്നത്. കോവിഡാനന്തരം ഓണ്‍ലൈന്‍ ജോലികള്‍ വ്യാപകമാകുകയും അതിന്റെ ചുവടുപിടിച്ച് വര്‍ക്കേഷനിലേക്ക് സഞ്ചാരികള്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നത് മനസ്സിലാക്കിയാണ് ദക്ഷിണ കൊറിയയുടെ ഈ നീക്കം.

ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും വേഗതയേറിയതുമായ ഇന്റര്‍നെറ്റ് ഉടനീളം ലഭിക്കുന്ന രാജ്യമെന്നതും ദക്ഷിണ കൊറിയയുടെ വര്‍ക്കേഷന്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. നിലവിലെ വീസ സംവിധാനം പ്രകാരം ടൂറിസ്റ്റ് വീസയില്‍ എത്തുന്നവര്‍ക്ക് ഇവിടെ 90 ദിവസം വരെയെ താമസിക്കാന്‍ സാധിക്കുകയുള്ളു. പുതിയ ഡിജറ്റല്‍ നൊമാഡ് വീസ എടുത്ത് വരുന്നവര്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുകയും അതിന് ശേഷം ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്ക് കൂടെ ദീര്‍ഘിപ്പിക്കുകയും ചെയ്യാം.

സ്വന്തം രാജ്യത്തെ ദക്ഷിണ കൊറിയന്‍ എംബസിയില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാലാണ് ഡിജിറ്റല്‍ നൊമാഡ് വീസകള്‍ ലഭിക്കുക. അപേക്ഷകര്‍ക്ക് 54 ലക്ഷം രൂപയില്‍ കുറയാത്ത വാര്‍ഷികവരുമാനം ഉണ്ടായിരിക്കണം. നിലവില്‍ ചെയ്യുന്ന ജോലിയില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം പ്രവര്‍ത്തിച്ചിരിക്കണം. ക്രിമിനല്‍ റെക്കോര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. വാലിഡായ ഒരു ട്രാവല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഉണ്ടാവണം. ഈ വീസ എടുക്കുന്നവര്‍ക്ക് ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യാന്‍ സാധിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.