1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2016

സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് അഴിമതി കുരുക്കില്‍, അഴിമതിയില്‍ പങ്കുണ്ടെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ദക്ഷിണ കൊറിയന്‍ പ്രസിഡന്റായ പാര്‍ക് കുന്‍ഹേക്കിന്റെ രാജിക്കായി പ്രതിഷേധക്കാര്‍ മുറവിളി തുടങ്ങുകയും ചെയ്തു. കേസില്‍ പാര്‍ക്കിന്റെ സുഹൃത്ത് ചോയ് സൂണ്‍ സില്‍, മുന്‍ സെക്രട്ടറി ജിയോങ് പോ സിയോങ്ങിനെതിരെയും കുറ്റംചുമത്തി. പാര്‍ക്കിനും കേസില്‍ പങ്കുണ്ടെന്നാണ് അന്വേഷണം നടത്തുന്ന പ്രോസിക്യൂട്ടര്‍മാരുടെ സംഘം ആരോപിക്കുന്നത്.

കേസില്‍ പാര്‍ക്കിന്റെ ദീര്‍ഘകാലമായുള്ള സുഹൃത്തായ ചോയ് സൂണ്‍ ഒക്ടോബര്‍ മുതല്‍ ജയിലിലാണ്. പാര്‍ക്കുമായുള്ള ബന്ധം മുതലെടുത്ത ചോയ് ഭരണകാര്യങ്ങളില്‍ ഇടപെട്ടു, ചില സ്ഥാപനങ്ങളില്‍ സമ്മര്‍ദംചെലുത്തി, പണം ചില വ്യാജ സന്നദ്ധസംഘടനകള്‍ക്ക് നല്‍കി തുടങ്ങിയവയാണ് ആരോപണങ്ങള്‍.

ആറുകോടി ഡോളറാണ് (400 കോടിയിലേറെ ഇന്ത്യന്‍ രൂപ) സാംസങ്, ഹ്യൂണ്ടായ് തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നല്‍കിയത്. ഇതില്‍ കുറേ പണം ചോയ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചെന്നും ആരോപണമുണ്ട്

ചോയിക്ക് ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിനല്‍കാന്‍ സഹായിച്ചു എന്നതാണ് ഹോസിയോങ്ങിനെതിരെയുള്ള കുറ്റം.പാര്‍ക്കിന്റെ മറ്റൊരു സെക്രട്ടറിയായ ചോങ് ബമിനും ഇതില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അഴിമതി ആരോപണങ്ങള്‍ ഒതുക്കുന്നതിനായി ആരോപണ വിധേയരായ സഹായികളുമായി പ്രസിഡന്റ് ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് അന്വേഷകര്‍ പറഞ്ഞു.

അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെതിരെ രാജ്യദ്രോഹമോ കലാപമോ അല്ലാത്ത കുറ്റങ്ങളൊന്നും ചുമത്താനാവില്ല എന്നതാണ് കൊറിയന്‍ ഭരണഘടനാ നിയമം. എന്നാല്‍, അന്വേഷണത്തിന് തടസ്സമില്ല.

പ്രതിഷേധം രൂക്ഷമാകുന്നതിനിടയില്‍ പ്രസിഡന്റ് പാര്‍ക്കിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍, 2017ല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റിനെ പുറത്താക്കല്‍ നടപടിയുമായി മുന്നോട്ടുപോയാല്‍ യാഥാസ്ഥിതികരുടെ വോട്ടുകള്‍ നഷ്ടമാകുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. സര്‍വേകളിലും മറ്റും പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്നാണ് ഭൂരിപക്ഷം ആളുകളുടേയും അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.