സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയുടെ വിധിയെഴുതി ഭരണഘടനാ കോടതി, അഴിമതിക്കേസില്‍ പാര്‍ലമെന്റിന്റെ ഇംപീച്ച് നടപടി ശരിവച്ചു. രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് പദവിയില്‍നിന്നു പുറത്തായ പാര്‍ക്കിനു കേസുകളില്‍നിന്നുള്ള നിയമ സംരക്ഷണവും നഷ്ടപ്പെട്ടതോടെ അവര്‍ക്കെതിരേ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പായിട്ടുണ്ട്.
ഭരണഘടനാ കോടതിവിധിയില്‍ രോഷാകുലരായ പാര്‍ക് അനുകൂലികള്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. രണ്ടു പ്രകടനക്കാര്‍ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. കോടതിവിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പാര്‍ക്കി ന്റെ എതിരാളികളും പ്രകടനം നടത്തി. ജനങ്ങള്‍ ശാന്തരായി വര്‍ത്തിക്കണമെന്ന് ആക്ടിംഗ് പ്രസിഡന്റ് ഹ്വാംഗ് ക്യോആന്‍ അഭ്യര്‍ഥിച്ചു.
പാര്‍ക്കിന്റെ സഹായിയും അടുത്ത സുഹൃത്തുമായ ചോയി സൂണ്‍സില്‍ ഏതാനും കന്പനികളില്‍ സമ്മര്‍ദം ചെലുത്തി വന്‍തുക സംഭാവന പിരിച്ചതാണ് പാര്‍ക്കിനെതിരായ അഴിമതിക്കേസ്. സാംസംഗ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ വന്‍തുക ചോയിയുടെ കമ്പനികളില്‍ നിക്ഷേപിച്ചു. ചോയിക്ക് ഔദ്യോഗിക രേഖകള്‍ ലഭിച്ചത് പാര്‍ക്കുമായുള്ള ബന്ധംമൂലമാണ്. പാര്‍ക്കും അഴിമതിക്കു കൂട്ടുനിന്നെന്നും അവരെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യപ്പെട്ട് മാസങ്ങളായി ദക്ഷിണ കൊറിയന്‍ തലസ്ഥാനത്ത് പ്രകടനങ്ങള്‍ നടന്നിരുന്നു.
ഒടുവില്‍ ഡിസംബറില്‍ പാര്‍ക്കിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്യുകയും ആക്ടിംഗ് പ്രസിഡന്റായി ഹ്വാംഗിനെ നിയമിക്കുകയും ചെയ്തു. ഭരണത്തില്‍ ഇടപെടാന്‍ ചോയിയെ അനുവദിച്ചതുവഴി പാര്‍ക്ക് നിയമലംഘനം നടത്തിയിരിക്കുകയാണെന്നും അവരെ പ്രസിഡന്റ് പദവിയില്‍നിന്നു നീക്കുകയാണെന്നും ഭരണഘടനാ കോടതിയിലെ എട്ടു ജഡ്ജിമാര്‍ ഏകകണ്ഠമായി പുറപ്പെടുവിച്ച വിധിയില്‍ പറഞ്ഞു. ചോയിക്ക് ഔദ്യോഗിക രേഖകള്‍ ലഭ്യമാക്കിയതിനു കൂട്ടുനിന്ന പാര്‍ക്ക് ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്നും കോടതി കണ്ടെത്തി.
രാജ്യത്ത് ഏകാധിപത്യം ജനാധിപത്യത്തിലേക്ക് വഴിമാറിയ 1980നു ശേഷം കാലാവധി പൂര്‍ത്തിയാകും മുമ്പ് അധികാരമൊഴിയുന്ന ആദ്യ പ്രസിഡന്റാണ് പാര്‍ക്. പറഞ്ഞു.1961ല്‍ അധികാരം പിടിച്ച ജനറല്‍ പാര്‍ക്ക് ചുംഗ്ഹീയുടെ പുത്രിയാണ് ഇംപീച്ച് ചെയ്യപ്പെട്ട പാര്‍ക് ഗ്യൂന്‍ഹൈ. ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായതോടെ ദ.കൊറിയയില്‍ 60 ദിവസത്തിനകം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന പ്രധാനമന്ത്രി ഹുവാങ് ക്യോഹാന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല