1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2023
അരവിന്ദ് ശശികുമാർ

സ്വന്തം ലേഖകൻ: ലണ്ടനിൽ മലയാളി യുവാവ് മറ്റൊരു മലയാളി യുവാവിന്റെ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാറാണ് (37) കൂടെ താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം അതിരുവിട്ട് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. തർക്കത്തിന്റെ കാരണം പൊലീസ് പുറത്തുവിട്ടിട്ടില്ല. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ (SE5) വ്യാഴാഴ്ച രാത്രി ഏകദേശം ഒരുമണിയോടെയാണ് ബ്രിട്ടനിലെ മലയാളികളെയാകെ ഞെട്ടിച്ച അതിദാരുണമായ സംഭവം ഉണ്ടായത്.

പെക്കാമിലെ കോൾമാൻ വേ ജംഗ്ഷനു സമീപമുള്ള സൗതാംപ്റ്റൻ വേയിൽ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്ലാറ്റിലായിരുന്നു അരവിന്ദും അക്രമിയും മറ്റു രണ്ട് സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. പുലർച്ചെ 1.36നാണ് ഒരാൾക്ക് കുത്തറ്റെന്നും സഹായം വേണമെന്നും അഭ്യർഥിച്ച് പൊലീസിനെ വിളിച്ചത്. സംഭവത്തിന് സാക്ഷികളായ സുഹൃത്തുക്കൾ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.

കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ അരവിന്ദിന് പൊലീസിനൊപ്പമെത്തിയ പാരാമെഡിക്കൽ സംഘം അടിയന്തര മെഡിക്കൽ സഹായം നൽകിയെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ ഇയാൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. രാത്രിയിൽ എയർ ആംബുലൻസ് ഉൾപ്പെടെ പൊലീസ്, പാരാമെഡിക്കൽ സംഘം സ്ഥലത്ത് എത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു. സംഭവത്തോടനുബന്ധിച്ച് കൂടെതാമസിക്കുന്ന 20 വയസ്സ് പ്രായമുള്ള മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോയി.

മരിച്ച യുവാവിന്റെ ബ്രിട്ടനിൽ തന്നെയുള്ള ബന്ധുവിനെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ട മറ്റ് വിദഗ്ധ സഹായവും പൊലീസ് സജ്ജമാക്കിയിട്ടുണ്ട്. അരവിന്ദ് പത്തുവർഷമായി ബ്രിട്ടനിൽ താമസിക്കുകയാണ് എന്നാണ് അറിയുന്നത്. അവിവാഹിതനായ ഇയാൾ വിദ്യാർഥി വീസയിലെത്തിയ മറ്റു മലയാളി യുവാക്കൾക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. സംഭവം നടന്നയുടൻ വീട്ടിൽനിന്നും പുറത്തേക്ക് ഓടിയ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു യുവാക്കളും അടുത്തുള്ള കടയിൽ അഭയം തേടുകയായിരുന്നു. പിന്നീടാണ് ഇവർ പൊലീസിനെ വിവരം അറിയിച്ചത്.

ഫ്ലാറ്റിനു മുന്നിലെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ച പൊലീസ് സമീപത്തെ കടയ്ക്കു മുന്നിൽ ടെന്റ് സ്ഥാപിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101 എന്ന നമ്പരിലോ ട്വിറ്ററിലൂടെയോ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർഥിച്ചു. CAD 494/16jun എന്നതാണ് കേസിന്റെ റഫറൻസ് നമ്പർ. ക്രൈം സ്റ്റോപ്പേഴ്സ് എന്ന ഇൻഡിപ്പെൻഡന്റ് ചാരിറ്റി വഴി (0800555111) വിളിക്കുന്നയാളിനെക്കുറിച്ചു വെളിപ്പെടുത്താതെയും വിവരങ്ങൾ കൈമാറാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.