സ്വന്തം ലേഖകന്‍: ദക്ഷിണ റെയില്‍വേയുടെ ചരക്കു നീക്കത്തില്‍ കോടികളുടെ അഴിമതിയെന്ന് സിബിഐ കണ്ടെത്തി. ചരക്കുകളുടെ തൂക്കത്തില്‍ കൃത്രിമം കാട്ടിയാണ് ഉദ്യോഗസ്ഥ, സ്വകാര്യ ലോബി കോടികളുടെ തട്ടിപ്പ് നടത്തിയത്. ഇത് ദക്ഷിണ റയില്‍വേയുടെ വരുമാനത്തില്‍ വന്‍ നഷ്ടം വരുത്തിയതായി സിബിഐ കണ്ടത്തെി.
വാഗണുകളില്‍ കയറ്റുന്ന ചരക്കുകളുടെ തൂക്കം ഇലക്ട്രോണിക് വേ ബ്രിജ് കമ്പ്യൂട്ടറുകളില്‍ കുറച്ചുകാണിച്ചാണ് വെട്ടിപ്പ് നടത്തിയത്. 2012 മുതല്‍ 2014 വരെയുള്ള കാലത്തു നടന്ന ചരക്കുനീക്കത്തിലാണ് വെട്ടിപ്പ്. പ്രാഥമിക അന്വേഷണത്തില്‍ 20.72 കോടിയുടെ അഴിമതി വെളിച്ചത്തായതിനെ തുടര്‍ന്ന് സിബിഐ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ദക്ഷിണ റെയില്‍വേയില്‍ ഏറ്റവും കൂടുതല്‍ ചരക്ക് കൈകാര്യം ചെയ്യുന്ന തൂത്തുക്കുടി, സേലം, തൃശ്ശിനാപ്പള്ളി, മംഗളൂരു എന്നിവിടങ്ങളില്‍ സിബിഐ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് വന്‍ വെട്ടിപ്പ് പുറത്തുവന്നത്.
ഈ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. തൃശ്ശിനാപ്പള്ളിയിലാണ് കൂടുതല്‍ വെട്ടിപ്പ് നടന്നത്. സിമന്റ് കടത്തലിലാണ് വന്‍ അഴിമതി. സിബിഐ സംഘം രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. റയില്‍വേയുടെ മറ്റു സോണുകളിലും സ്റ്റേഷനുകളിലും വ്യപക പരിശോധന നടത്താന്‍ സിബിഐ ഒരുങ്ങുകയാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല