സ്വന്തം ലേഖകന്‍: ബഹിരാകാശ യാത്രാ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല്, വിക്ഷേപിച്ച റോക്കറ്റ് കടലിലെ ബാര്‍ജില്‍ തിരിച്ചിറക്കി. അമേരിക്കന്‍ സ്വകാര്യ കമ്പനിയാണ് ബഹിരാകാശ ഗവേഷണത്തില്‍ പുതിയ നേട്ടം സ്വന്തമാക്കിയത്. ബഹിരാകാശ പര്യവേക്ഷണ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്‌പേസ്എക്‌സ് എന്ന കമ്പനിയാണ് വിജയകരമായി റോക്കറ്റ് തിരിച്ചിറക്കിയത്.
കമ്പനി മുമ്പ് നാലുവട്ടം നടത്തിയ പരീക്ഷണങ്ങളും പരാജയപ്പെട്ടിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള സാധനസാമഗ്രികളുമായി വെള്ളിയാഴ്ച അമേരിക്കയിലെ കേപ് കാനവറലില്‍നിന്നു വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റ് ദൗത്യം പൂര്‍ത്തീകരിച്ചശേഷം അത്‌ലാന്റിക് സമുദ്രത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബാര്‍ജില്‍ ഇന്നലെ വിജയകരമായി തിരിച്ചിറങ്ങി.
ഇതോടെ വിക്ഷേപണ ശേഷം വീണ്ടും റോക്കറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന സാധ്യത ബഹിരാകാശ പരീക്ഷണങ്ങള്‍ക്കു പുത്തന്‍ ഉണര്‍വു നല്‍കുമെന്ന് കരുതപ്പെടുന്നു. സാധാരണ ഒരു വട്ടം മാത്രം ഉപയോഗിക്കാവുന്ന ബഹിരാകാശ വാഹനങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാല്‍ നാസയടക്കമുള്ള സ്ഥാപനങ്ങള്‍ അവയെ കൈയ്യൊഴിയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല