സ്വന്തം ലേഖകന്‍ :ചരിത്ര നേട്ടം; ടെസ്‌ല കാറുമായി ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവി ബഹിരാകാശത്ത്. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സാണ് വിജയകരമായി റോക്കറ്റ് ബഹിരാകാശത്ത് വിക്ഷേപിച്ചത്. ഇലക്ട്രിക്ക് കാറായ ടെസ്‌ല റോഡ്സ്റ്ററുമായി പൊങ്ങിയതോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫേര്‍ ഹെവി റോക്കറ്റിന്റെ റെക്കോഡ് മറികടക്കാന്‍ ഫാല്‍ക്കണ്‍ ഹെവിക്കായി.
63500 കിലോഗ്രാം ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാന്‍ റോക്കറ്റിന് സാധിക്കും. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ അമേരിക്കന്‍ സമയം പുലര്‍ച്ചെ 1.30 നാണ് വിക്ഷേപണം നടന്നത്. നിരവധി ആളുകളാണ് വിക്ഷേപണം കാണാന്‍ തടിച്ചുകൂടിയത്. ബഹിരാകാശ പര്യവേഷണ രംഗത്ത് അനന്ത സാധ്യതകള്‍ക്കാണ് ഫാല്‍ക്കണിന്റെ വിജയം വഴിവെയ്ക്കുക എന്ന് എലന്‍ മസ്‌ക് അഭിപ്രായപ്പെട്ടു.
ദൗത്യസംഘത്തെ അഭിനന്ദിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. നാസയുമായി ചേര്‍ന്നാണ് സ്‌പേസ് എക്‌സിന്റെ അടുത്ത പദ്ധതി. കേപ് കാനവറലില്‍ നിന്നു കുതിച്ചുയര്‍ന്ന ഫാല്‍ക്കന്‍ ഹെവിയിലെ യാത്രക്കാരായ സ്‌പോര്‍ട്‌സ് കാര്‍ ടെസ്‌ല റോഡ്സ്റ്ററും അതിന്റെ ഡ്രൈവിങ് സീറ്റിലെ ‘സ്റ്റാര്‍മാന്‍’ എന്ന പാവയ്ക്കും ചുരുങ്ങിയ സമയം കൊണ്ടു ലോകമെങ്ങും ലക്ഷക്കണക്കിന് ആരാധകരെയാണു ലഭിച്ചത്.
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ ഛിന്നഗ്രഹങ്ങള്‍ തെറിച്ചു പായുന്നിടത്തേക്കുള്ള പ്രയാണത്തിനിടയില്‍ ടെസ്‌ല റോഡ്സ്റ്ററിലിരിക്കുന്ന സ്റ്റാര്‍മാനാണ് ടെസ്‌ല റോഡ്സ്റ്ററില്‍ നിന്നുള്ള അവസാന ചിത്രം. ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി അനേകവര്‍ഷം കാറിലിരുന്നു സ്റ്റാര്‍മാന്‍ സൂര്യനെ ചുറ്റിക്കറങ്ങുമെന്നാണു വിചാരിച്ചിരുന്നതെങ്കിലും അവസാനഘട്ട ജ്വലനത്തിന്റെ ശക്തിയില്‍ ചൊവ്വയ്ക്കും വ്യാഴത്തിനും മധ്യേയുള്ള മേഖലയിലേക്കു തെറിച്ചുപോകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല