സ്വന്തം ലേഖകൻ: സ്‌പെയ്‌നിന്റെ ചരിത്രത്തില്‍ മാര്‍ ഗല്‍സെറാന്‍ എന്ന പെണ്‍കുട്ടിയുടെ പേര് എഴുതിച്ചേര്‍ക്കപ്പെട്ട ദിവസമാണ് കടന്നുപോയത്. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച ആദ്യ പാര്‍ലമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടാണ് 45-കാരി ചരിത്രത്തിന്റെ ഭാഗമായത്. വലെന്‍സിയയിലെ റീജിയണല്‍ അസംബ്ലിയിലേക്കാണ് മാര്‍ ഗല്‍സെറാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ജീവിതകാലമത്രയും ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചവര്‍ക്കായി പോരാടിയ വ്യക്തിയാണ് ഗല്‍സെറാന്‍. ഇത്തരക്കാരുടെ ശബ്ദം പാര്‍ലമെന്റിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മാറ്റിനിര്‍ത്തപ്പെട്ടവരുടെ അതിജീവനത്തിന് ഉദാഹരണമാണ് തന്റെ ജീവിതമെന്നും അവര്‍ പറയുന്നു. ‘ഡൗണ്‍ സിന്‍ഡ്രോമുള്ള ആളുകള്‍ക്കും സമൂഹത്തിന് ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ കഴിയും. ഇത് വളരെ ദൈര്‍ഘ്യമേറിയ ഒരു പാത കൂടിയാണ്.’ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗല്‍സെറാന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
18-ാം വയസ് മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണ് അവര്‍. കണ്‍സര്‍വേറ്റീവ് പീപ്പിള്‍സ് പാര്‍ട്ടിയിലെ അംഗം. കാലം പിന്നിട്ടതോടെ പാര്‍ട്ടിയിലെ പ്രധാന നേതൃസ്ഥാനങ്ങളേക്ക് ഗല്‍സെറാനെത്തി. കഴിഞ്ഞ മെയില്‍ വലന്‍സിയയുടെ പ്രാദേശിക തെരഞ്ഞെടുപ്പിനുള്ള പീപ്പിള്‍സ് പാര്‍ട്ടിയുടെ പട്ടികയില്‍ 20-ാമത്തെ സ്ഥാനാര്‍ഥിയായി ഗല്‍സെറാനും ഇടം നേടി. തൊട്ടുപിന്നാലെ പ്രാദേശിക പാര്‍ലമെന്റ് സീറ്റും ലഭിച്ചു.
പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരെല്ലാം ഗല്‍സെറാന്റെ നേട്ടത്തില്‍ അഭിമാനിക്കുന്നു. ‘സ്വാഗതം മാര്‍, നിങ്ങള്‍ തടസങ്ങള്‍ മറികടന്നിരിക്കുന്നു. ഇത് രാഷ്ട്രീയത്തിലെ വലിയ വാര്‍ത്ത’ എന്നാണ് ഗല്‍സെറാന് സീറ്റ് ലഭിച്ചതിന് പിന്നാലെ പാര്‍ട്ടി നേതാവ് കാര്‍ലോസ് മാസോണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് സ്പാനിഷ് രാഷ്ട്രീയത്തില്‍ നേതൃസ്ഥാനങ്ങളിലേക്കെത്തിയിട്ടുള്ളത്. സ്‌പെയ്‌നിലെ ആദ്യ സിറ്റി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഏഞ്ചല ബാച്ചിലര്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച വ്യക്തിയായിരുന്നു. 2013-ല്‍ വല്ലാഡോലിഡില്‍ നിന്നാണ് ഏഞ്ചല സിറ്റി കൗണ്‍സിലറായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല