സ്വന്തം ലേഖകൻ: ഭീമൻ ആലിപ്പഴം തലയിൽ വീണ് 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. സ്പെയിനിലെ കാറ്റലോണിയയിലെ ജിറോണ മേഖലയിലാണ് സംഭവം. ചൊവ്വാഴ്ച വൈകുന്നേരം സ്ഥലത്ത് വലിയ തോതിൽ കൊടുങ്കാറ്റ് വീശിയിരുന്നു. കൊടുങ്കാറ്റിന് പിന്നാലെ സ്ഥലത്ത് ആലിപ്പഴം പൊഴിയാനും ആരംഭിച്ചു. ആലിപ്പഴം വീണ് അസ്ഥി പൊട്ടിയതടക്കം 50 പേർക്കോളം പരിക്കേറ്റതായാണ് റിപ്പോർട്ട്. സ്ഥലത്തെ വീടുകളുടെ മേൽക്കൂരകളും ജനാലകളും ആലിപ്പഴം വീണതിനെ തുടർന്ന് തകർന്നു.
പത്ത് സെന്റീമീറ്റർ നീളമുള്ള ആലിപ്പഴം കണ്ടെടുത്തിട്ടുണ്ട്. 2002 മുതലുള്ള കാലഘട്ടങ്ങളിൽ പതിച്ച ഏറ്റവും വലിയ ആലിപ്പഴമാണിതെന്ന് കാറ്റലോണിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. പത്ത് മിനിറ്റ് മാത്രമാണ് ആലിപ്പഴം വീണത്. എന്നാൽ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നെന്നും ജനങ്ങൾ നിലവിളിച്ചു കൊണ്ട് വീടുകളിലും ഹോട്ടലുകളിലും ഓടിക്കയറിയെന്നും കൗൺസിലർ കാർമേ വാൾ പറഞ്ഞു. ചൊവ്വാഴ്ച ആലിപ്പഴം വീണതുമായി ബന്ധപ്പെട്ട് നിരവധി ഫോൺ കോളുകളാണ് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ലഭിച്ചത്.
ബിസ്ബാൽ ഡി എംപോർഡ പട്ടണത്തിൽ നിന്നായിരുന്നു ഫോൺ കോളുകളിലധികവും എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആലിപ്പഴങ്ങളിലൊന്ന് 20 മാസം പ്രായമുള്ള കുട്ടിയുടെ തലയിൽ പതിക്കുകയായിരുന്നു. അടുത്തുള്ള നഗരമായ ജിറോണയിലെ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആലിപ്പഴ വർഷത്തെ ദുരന്തമെന്നാണ് കാറ്റലോണിയ പ്രസിഡന്റ് പെരെ അരഗോൺസ് വിശേഷിപ്പിച്ചത്. മോശം കലാവസ്ഥ വീണ്ടും ഉണ്ടായേക്കാമെന്നും തീരപ്രദേശങ്ങളിൽ വലിയ തോതിൽ ആലിപ്പഴം വീണേക്കുമെന്നും നിവാസികൾക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല