മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെ 2-0ത്തിന് തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ സ്പെയ്ന്‍ യൂറോകപ്പിന്റെ സെമിഫൈനലിലെത്തി. മത്സരത്തിന്റെ 19-ാം മിനിട്ടില്‍ ഹെഡറിലൂടെയും 89-ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയും മിഡ് ഫീല്‍ഡര്‍ സാബി അലോണ്‍സോയാണ് സ്പെയ്നിന്റെ ഗോളുകള്‍ നേടിയത്. ഇനി വ്യാഴാഴച നടക്കുന്ന സെമിയില്‍ സ്പെയ്ന്‍ പോര്‍ച്ചുഗലിനെ നേരിടും.
തുടക്കത്തില്‍ തന്നെ കളിയുടെ നിയന്ത്രണമേറ്റെടുക്കാനുള്ള ശ്രമമായിരുന്നു സ്പെയിനിന്റേത്. മറുവശത്ത് ബെന്‍സേമ ഒറ്റപ്പെട്ടതു പോലെയായിരുന്നു. നാലാം മിനിട്ടില്‍ പന്തുമായി സ്പാനിഷ് ബോക്സിലെത്തിയ ബെന്‍സേമയെ റയല്‍ മാഡ്രിഡിലെ സഹതാരം സെര്‍ജി റാമോസ് തടുത്തിട്ടു. തൊട്ടടുത്ത മിനിട്ടില്‍ ഫ്രഞ്ച് ബോക്സിലെത്തിയ അര്‍ബിയോള ഡേവിഡ് സില്‍വയ്ക്ക പാസ് നല്‍കിയെങ്കിലും ക്ളിഷിയും കോഷ്യന്‍ലിയും ചേര്‍ന്ന് തടയിട്ടു. ആറാം മിനിട്ടില്‍ ഫാബ്രിഗാസിനെ ക്ളിഷി പെനാല്‍റ്റി ബോക്സിനുള്ളില്‍ വച്ച് ഫൌള്‍ ചെയ്തു വീഴ്ത്തിയതിന് സ്പെയ്ന്‍ പെനാല്‍റ്റി അപ്പീല്‍ ചെയ്തെങ്കിലും റഫറി നിക്കോള റിസോലി അനുവദിച്ചില്ല.
എന്നാല്‍ 19-ാം മിനിട്ടില്‍ സ്പാനിഷ് പട ആദ്യമായി ലക്ഷ്യം കണ്ടു. അല്‍ബയുടെ ക്രോസില്‍ നിന്ന് കൃത്യതയാര്‍ന്ന ഒരു ഹെഡറിലൂടെയാണ് അലോണ്‍സോ വല കുലുക്കിയത്. സ്ഥാനം തെറ്റിനിന്ന ഗോളി ഹ്യൂഗോ ലോറിസിന് പ്രതിരോധിക്കാനാകും മുമ്പ് അലോണ്‍സോ പന്ത് തലകൊണ്ട് കുത്തി വലയില്‍ കയറ്റുകയായിരുന്നു. 28-ാം മിനിട്ടില്‍ ഇനിയെസ്റ്റ ലീഡുയര്‍ത്താനുള്ള അവസരം നശിപ്പിച്ചപ്പോള്‍ 31-ാം മിനിട്ടില്‍ കബായേ ഫ്രഞ്ചുകാരുടെ സുവര്‍ണാവസരംപാഴാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല