സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യ പ്രഖ്യാപനം മരവിപ്പിച്ച് ചര്‍ച്ചക്ക് തയ്യാറെന്ന് കാറ്റലോണിയ, നിര്‍ദേശം തള്ളി സ്‌പെയിന്‍, കറ്റാലന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. കാറ്റലോണിയുടെ സ്വന്തന്ത്ര പദവി സംബന്ധിച്ച് ചര്‍ച്ചക്കു തയാറാണെന്ന പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ടിന്റെ നിര്‍ദേശമാണ് സ്‌പെയിന്‍ തള്ളിയത്. തുടര്‍ന്ന് സ്പാനിഷ് സര്‍ക്കാറിന്റെ അടുത്ത നീക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മരിയാനോ രജോയ് അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തു.
സ്വാതന്ത്ര്യ പ്രഖ്യാപനം തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് ഹിതപരിശോധനയെ തുടര്‍ന്ന് ഉടലെടുത്ത പ്രശ്‌നങ്ങള്‍ സ്പാനിഷ് സര്‍ക്കാറുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്ന് കഴിഞ്ഞ ദിവസം ബാഴ്‌സലോണയില്‍ ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തില്‍ പുജെമോണ്ട് പ്രഖ്യാപിച്ചിരുന്നു. യോഗത്തിനു ശേഷം കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടക്കുമെന്ന അഭ്യൂഹം പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളാണ് യോഗം നടക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് തടിച്ചുകൂടിയത്.
ഈ മാസം ഒന്നിനാണ് സ്വതന്ത്ര രാഷ്ട്രം ആവശ്യപ്പെട്ട് കാറ്റലോണിയയില്‍ ഹിതപരിശോധന നടന്നത്. 90 ശതമാനം ജനങ്ങളും അനുകൂലമായി വിധിയെഴുതിയതോടെ ഹിതപരിശോധന വിജയിച്ചതായി കാറ്റലോണിയന്‍ നേതൃത്വം അവകാശപ്പെട്ടെങ്കിലും ഹിതപരിശോധന അംഗീകരിക്കില്ലെന്നാണ് സ്‌പെയിന്‍ സര്‍ക്കാറിന്റെ നിലപാട്. സ്വതന്ത്രമായാല്‍ കാറ്റലോണിയയെ അംഗീകരിക്കില്ലെന്ന് ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിതപരിശോധന തടസപ്പെടുത്താന്‍ സ്പാനിഷ് പോലീസ് പോളിംഗ് ബൂത്തുകളില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടതും വന്‍ പ്രതിഷേധം ഉയര്‍ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല