സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ജയം; പ്രധാനമന്ത്രി മരിയാനോ റജോയ് പടിക്ക്പുറത്ത്. ഏഴു വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് പ്രധാനമന്ത്രി മരിയാനോ റജോയ് പടിയിറങ്ങുന്നത്. ഭരണകക്ഷിയിലെ പ്രമുഖര്‍ അഴിമതിക്കേസില്‍ കുടുങ്ങിയതിനു പിന്നാലെയാണ് സോഷ്യലിസ്റ്റുകളായ പി.എസ്.ഒ.ഇ കക്ഷിയുടെ നേതാവ് പെട്രോ സാഞ്ചസ് അവിശ്വാസം കൊണ്ടുവന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെടുന്നത്.
350 അംഗ പാര്‍ലമെന്റില്‍ 180 അംഗങ്ങള്‍ പിന്തുണച്ച പ്രമേയത്തിനെതിരെ 169 പേര്‍ വോട്ടുചെയ്തു. ഒരാള്‍ വിട്ടുനിന്നു. പിന്‍ഗാമിയായി പെട്രോ സാഞ്ചസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1970 കളില്‍ രാജ്യം ജനാധിപത്യത്തിലേക്കു തിരിച്ചുവന്ന ശേഷം ഏറ്റവും കൂടുതല്‍ കാലം ഉന്നത പദവി കൈകാര്യം ചെയ്തവരിലൊരാളായ റജോയ് 2020ല്‍ കാലാവധി അവസാനിക്കും വരെ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ ഐക്യത്തിനു മുമ്പില്‍ മുട്ടുമടക്കുകയായിരുന്നു.
ഭരണകക്ഷിയായ പീപ്ള്‍സ് പാര്‍ട്ടിയെ ഏറെയായി അഴിമതിയാരോപണം വലക്കുന്നുണ്ടെങ്കിലും അടുത്തിടെ രാജ്യത്തെ ഉന്നത കോടതി മുതിര്‍ന്ന നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതാണ് പുറത്തേക്കുള്ള വഴി തുറന്നത്. പ്രധാന അടിസ്ഥാന സൗകര്യ വികസന കരാറുകളില്‍ പാര്‍ട്ടി നേതൃത്വം കോഴ വാങ്ങിയെന്നാണ് ആരോപണം.
ഇതുവരെയും ഒപ്പമുണ്ടായിരുന്ന ബാസ്‌ക് നാഷനലിസ്റ്റ് പാര്‍ട്ടി കൂറുമാറി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതാണ് ഭരണകക്ഷിക്ക് അവിശ്വാസ വോട്ടെടുപ്പില്‍ വിനയായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല