സ്വന്തം ലേഖകൻ: നവംബര്‍ 20ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനായി സ്‌പെയിനില്‍ നിന്ന് ദോഹയിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്ന സ്പാനിഷ് പൗരനെ വഴി മധ്യേ കാണാതായതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരിയില്‍ മാഡ്രിഡില്‍ നിന്ന് യാത്ര തിരിച്ച സാന്റിയാഗോ സാഞ്ചെസ് കോഗ്‌ഡോറിനെയാണ് വഴിമധ്യേ കാണാതായത്. ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തിന് പങ്കെടുക്കാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം സ്‌പെയിനില്‍ നിന്ന് പുറപ്പെട്ടത്.
ഒക്ടോബര്‍ രണ്ടു മുതല്‍ ഇദ്ദേഹത്തെ കുറിച്ച് കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ ഇന്‍സ്റ്റഗ്രാമിലെ ആയിരക്കണക്കിന് ഫോളേവര്‍മാര്‍ക്ക് ഒരു വിവരവും ലഭ്യമല്ലെന്ന രീതിയിലാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഒരു തരത്തിലുള്ള ഊഹവും ആര്‍ക്കുമില്ല. ഒക്ടോബര്‍ ഒന്നിനാണ് ഇദ്ദേഹം അവസാനമായി തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അത് വടക്കന്‍ ഇറാഖില്‍ നിന്നുള്ളതായിരുന്നു.
പ്രദേശത്തെ കുട്ടികളുമായി ഫുട്‌ബോള്‍ കളിക്കുന്ന ചിത്രമായിരുന്നു അത്. പ്രാദേശിക കുടുംബം തന്നെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ച വിവരവും അദ്ദേഹം പങ്കുവച്ചിരുന്നു. ഇറാഖിലെ കുര്‍ദിസ്താനുമായി ഇറാന്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് ഇദ്ദേഹം എത്തിയതിന്റെ ചിത്രം അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബക്കാര്‍ക്കും അയച്ചു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍ രണ്ട് സ്‌പെയിന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30നായിരുന്നു ചിത്രം അയച്ചത്. അതിനു ശേഷം ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ജനുവരി എട്ടിന് മാഡ്രിഡിലെ അല്‍കല ഡി ഹെനാറെസില്‍ നിന്നാണ് കോഗ്‌ഡോര്‍ കാല്‍നടയായി യാത്ര തിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ യാത്രയുടെ ഓരോ ഘട്ടത്തിലും വീഡിയോകളും ഫോട്ടോകളും അദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒക്ടോബര്‍ രണ്ടിന് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രക്ഷുബ്ധമായ ജനകീയ സമരങ്ങള്‍ നടക്കുന്ന ഇറാനില്‍ അധികൃതര്‍ അദ്ദേഹത്തെ തടഞ്ഞുവച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് മിഗ്വെല്‍ ബെര്‍ഗാഡോ. പാരാട്രൂപ്പര്‍ കൂടിയായ ഫുട്‌ബോള്‍ ആരാധകനെ കണ്ടെത്താന്‍ ഇറാനിലെ സ്പാനിഷ് എംബസിയും ശ്രമങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പിന്തുണയ്ക്കാന്‍ പാരീസില്‍നിന്ന് ദോഹയിലേക്ക് സൈക്കിളില്‍ പുറപ്പെട്ട രണ്ട് ഫ്രഞ്ച് ഫുട്ബോള്‍ ആരാധകര്‍ ജോര്‍ദാനിലെത്തി. ഡോക്യുമെന്ററി ഫിലിം നിര്‍മാതാവായ മെഹ്ദി ബാലമിസ്സയും ടിവി പ്രൊഡ്യൂസറായ ഗബ്രിയേല്‍ മാര്‍ട്ടിനുമാണ് ആഗസ്റ്റ് 20ന് സ്റ്റേഡ് ഡി ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട് സൈക്കിളില്‍ 5,000 കിലോമീറ്റര്‍ പിന്നിട്ട് ജോര്‍ദാനിലെത്തിയത്. നവംബര്‍ 22 ന് ഓസ്ട്രേലിയയ്ക്കെതിരായ ഫ്രാന്‍സിന്റെ ആദ്യ മല്‍സരത്തിന് മുമ്പായി ദോഹയിലെത്താനാകും എന്ന പ്രതീക്ഷയിലാണ് ഇരുവരും. ദിവസവും 120 കിലോമീറ്റര്‍ വരെ സഞ്ചരിച്ചാണ് സൈക്കിള്‍ യാത്രക്കാര്‍ ജോര്‍ദാനിലെത്തിയത്. അധികം താമസിയാതെ സൗദി അറേബ്യയും കടന്ന് ഇരുവരും ദോഹയിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല