ഉജ്വല ജയത്തോടെ റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗിന്റെ തലപ്പത്ത്. അതേസമയം, ലീഗിലെ മറ്റൊരു വമ്പനായ ബാഴ്സലോണയ്ക്ക് പരാജയം. ഏകപക്ഷീയമായ ഒരു ഗോളിന് ഗറ്റാഫെയാണ് ബാഴ്സയെ പരാജയപ്പെടുത്തിയത്. 67-ാം മിനിറ്റില്‍ യുവാന്‍ വലേരയാണ് ബാഴ്സയുടെ നെഞ്ചുംകൂടു തകര്‍ത്തുകൊണ്ട് ഗോള്‍ നേടിയത്. ബാഴ്സയുടെ ലോകോത്തര താരങ്ങളായ ലയണല്‍ മെസിയും ഇനിയസ്റ്റയും സാവിയുമൊക്കെ അണിനിരന്ന ടീമിനെയാണ് ലീഗിലെ കുഞ്ഞന്മാരായ ഗറ്റാഫെ തരിപ്പണമാക്കിയത്.
അതേസമയം, ലീഗിലെ മറ്റൊരു വമ്പന്‍ റയല്‍ മാഡ്രിഡ് ഉജ്വല ജയമാണ് നേടിയത്. ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് റയല്‍ അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി. സൂപ്പര്‍താരം ക്രിസ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റിയിലൂടെ രണ്ടു ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റൈന്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മാരിയയും ഗൊണ്‍സാലോ ഹിഗ്വെയ്നും ഓരോ ഗോള്‍ വീതം നേടി. 15-ാം മിനിറ്റില്‍ അഡ്രിയാന്റെ ഗോളിലൂടെ അത്ലറ്റികോയാണ് ആദ്യം മുന്നിലെത്തിയത്. 24-ാം മിനിറ്റിലും 82-ാം മിനിറ്റിലും റൊണാള്‍ഡോ ഗോള്‍ നേടിയപ്പോള്‍ 49-ാം മിനിറ്റില്‍ ഡി മാരിയയും 65-ാം മിനിറ്റില്‍ ഹിഗ്വയ്നും ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിന് വലന്‍സിയ റായോയെ പരാജയപ്പെടുത്തി.
പോയിന്റുനിലയില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്സയുമായി റയലിന് ഇപ്പോള്‍ ആറു പോയിന്റിന്റെ ലീഡായി. റയലിന് 13 മത്സരങ്ങളില്‍നിന്ന് 11 ജയവും ഒരു തോല്‍വിയും ഒരു സമനിലയുമടക്കം 34 പോയിന്റുണ്ട്. ബാഴ്സയ്ക്ക് 13 മത്സരങ്ങളില്‍നിന്ന് 28 പേയിന്റാണുള്ളത്. മൂന്നാം സ്ഥാനത്ത് വലന്‍സിയയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല