സ്വന്തം ലേഖകന്‍: ഡ്രൈവറെ കൊണ്ട് സ്വന്തം ചെരുപ്പഴിപ്പിച്ച കേരള നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി വിവാദമാകുന്നു. നിയമസഭ വളപ്പില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പിനിടെയാണ് സംഭവം. നെല്ല് കൊയ്തതിനു ശേഷം കറ്റ മെതിക്കാന്‍ പോകുമ്പോള്‍ സ്പീക്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡ്രൈവര്‍ ചെരുപ്പഴിച്ചു കൊടുത്തത്.
മാധ്യമം പത്രത്തിലെ ഫോട്ടോഗ്രാഫറായ ഹാരിസ് കുറ്റിപ്പുറവും മെട്രോ വാര്‍ത്തയുടെ ഫോട്ടോഗ്രാഫര്‍ കെബി ജയചന്ദ്രനും കൈയ്യോടെ സംഭവം പകര്‍ത്തുകയും ചെയ്തു. രണ്ട് പത്രങ്ങളിലും ഇത് ഒന്നാം പേജില്‍ തന്നെ വരികയും ചെയ്തു. തുടര്‍ന്നാണ് സംഭവം വന്‍ വിവാദമായത്.
ആരോഗ്യ പ്രശ്‌നം മൂലം കുനിയാന്‍ കഴിയാത്തതിനാലാണ് സ്പീക്കര്‍ അങ്ങനെ ചെയ്തതെന്നാണ് ഒരു വാദം. എന്നാല്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അതിനു തെളിവാളി ചില ചടങ്ങുകളില്‍ കുനിയുന്ന ശക്തന്റെ ചിത്രങ്ങളും ചിലര്‍ ഉയര്‍ത്തിക്കാട്ടി.
കേരള കോണ്‍ഗ്രസ്സിലൂടെ രാഷ്ട്രീയത്തിലെത്തിയ എന്‍ ശക്തന്‍ ഇടക്ക് എല്‍ഡിഎഫ് പിന്തുണയോടെയും മത്സരിച്ചു. 1985 ലാണ് കോണ്‍ഗ്രസ്സില്‍ എത്തുന്നത്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു. ഇപ്പോഴത്തെ നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശക്തന്‍ ജി കാര്‍ത്തികേയന്റെ മരണത്തോടെയാണ് സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല