സ്വന്തം ലേഖകന്‍: അറബ് വനിതകള്‍ക്കായി യുട്യൂബിന്റെ പ്രത്യേക ചാനല്‍, ‘ബതല’ തുടങ്ങി. ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം റിയാദില്‍ നടന്നു. ബത്‌ലയുടെ കീഴില്‍ വിവിധ വിഷയങ്ങളില്‍ ശില്പശാലകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് യൂ ട്യൂബ് അധികൃതര്‍ അറിയിച്ചു.
അറബ് വനിതകളുടെ സര്‍ഗ്ഗശേഷി കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആയിരിക്കും മുന്‍ഗണനയെന്ന് യൂ ട്യൂബ് മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്കന്‍ മേധാവി ദിയന ബദര്‍ പറഞ്ഞു. ബത്‌ല ചാനലില്‍ അറബ് വനിതകളുടെ ആയരത്തിലധികം വിഷയങ്ങളിലുളള വീഡിയോ ലഭ്യമാണ്. വിദ്യാഭ്യാസം, ജീവിതരീതി, സാമൂഹിക കാര്യങ്ങള്‍, യാത്ര തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്ന് ദിയന ബദര്‍ പറഞ്ഞു.
യൂ ട്യൂബില്‍ എങ്ങനെയാണ് ഒരു ചാനല്‍ തുടങ്ങേണ്ടത് എന്ന് വനിതകളെ പഠിപ്പിക്കുന്നതിന് ശില്പശാലകള്‍ സംഘടിപ്പിക്കും. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും എഡിറ്റ് ചെയ്യുന്നതിനും മറ്റുളളവരെ ആകര്‍ഷിക്കുന്ന സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നതിലും പരിശീലനം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ബത്‌ലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ യൂ ട്യൂബില്‍ സജീവ സാന്നിദ്ധ്യമായ ജൗദ് അല്‍ ശംരി, അല്‍ ജുഹാര സാജര്‍, ഹെസ അല്‍ മവാദ്, അശ്‌വാഖ് അല്‍ മസ്ഖരി എന്നവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
2012ല്‍ തുടങ്ങിയ ജുഹാര സാജിറിന്റെ യു ട്യൂബ് ചാനലിലെ അടുക്കള വിശേഷങ്ങള്‍ അറിയാന്‍ നാലു ലക്ഷത്തിലധികം വരിക്കാരുണ്ടെന്ന് അവര്‍ പറഞ്ഞു. സൗദി വനിതയായ ജൗദ് അല്‍ ഷംരി 2015ല്‍ ആണ് യൂ ട്യൂബില്‍ ചാനല്‍ തുടങ്ങിയത്. നിരവധി ലഘു ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു. വിനോദത്തിനും ഹാസ്യത്തിനും പുറമെ സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളിലും ഇവരുടെ ചിന്ത ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇവരുടെ ചാനലിന് എട്ട്‌ലക്ഷം വരിക്കാരാണുളളത്. ബത്‌ല തുടങ്ങിയതോടെ കൂടുതല്‍ വനിതകള്‍ ഈ മേഖലയിലേക്ക് കടന്നുവരുമെന്നാണ് യൂട്യൂബ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല