സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ഓവല്‍ സ്റ്റേഡിയത്തില്‍ എത്തിയ വിജയ് മല്യയെ കള്ളനെന്ന് കൂവിവിളിച്ച് കാണികള്‍. തങ്ങളുടെ രാജ്യത്തിന്റെ പണം തിരികെ ഏല്‍പിക്കൂവെന്നും ചിലര്‍ മല്യയോട് അലറുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മല്യ നടന്നുപോകുകയും ചെയ്തു. നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സന്നദ്ധ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും മല്യ നാണം കെട്ടിരുന്നു.
ചടങ്ങില്‍ മല്യ പ്രത്യക്ഷപ്പെട്ടതോടെ വിവാദം ഭയന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ മല്യയെ അവഗണിക്കുകയായിരുന്നു. മല്യയുടെ സാന്നിദ്ധ്യം ചടങ്ങില്‍ നിന്നും പെട്ടെന്ന് ഒഴിവാകാന്‍ ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തിരുന്നു. ക്ഷണിക്കാതെയാണ് മല്യ പരിപാടിക്ക് എത്തിയതെന്ന് സംഘാടകര്‍ പിന്നീട് വ്യക്തമാക്കി. പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരം കാണാന്‍ മല്യയെത്തിയതും വന്‍ വാര്‍ത്തയായിരുന്നു. സുനില്‍ ഗവാസ്‌കര്‍ മല്യയോട് സംസാരിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
ഇന്ത്യാ പാക് മത്സരത്തിനിടെ തനിക്ക് കിട്ടിയ മാധ്യമ ശ്രദ്ധ കാരണം ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍ക്കും താനുണ്ടാവുമെന്ന് മല്യ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ നേരത്തെ നടത്തിയിരുന്നു. ഇന്ത്യയുടെ പരാതിയെ തുടര്‍ന്ന് രാജ്യാന്തര കുറ്റാന്വേഷണ എജന്‍സിയായ ഇന്റര്‍പോള്‍ മല്യയെ അറസ്റ്റ് ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കകം മല്യ ജാമ്യത്തിലിറങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല