സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ വിദേശ ജോലിക്കാർക്ക് നിലവിലുള്ള സ്‌പോൺസർഷിപ്പ് സമ്പ്രദായം എടുത്തുകളയാൻ തീരുമാനിച്ചിട്ടില്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്പോൺസർഷിപ്പ് നിയമം നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയും ഔദ്യോഗിക കേന്ദ്രങ്ങൾ നടത്തിയിട്ടില്ല. നിർത്തലാക്കി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വ്യാജ വിവരങ്ങളാണെന്നും മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട തീരുമാങ്ങൾ എടുക്കുന്നതിന് മുമ്പ് ഇതര മന്ത്രാലയങ്ങൾ, സ്വകാര്യമേഖലയിലും തൊഴിൽ രംഗത്തുമുള്ള വിദഗ്‌ധർ തുടങ്ങിയവരുമായി ആലോചിച്ച ശേഷമേ തൊഴിൽ മന്ത്രാലയം ഇത്തരം നയപരമായ തീരുമാനമെടുക്കാറുള്ളൂ. ഇത്തരത്തിൽ ആലോചിച്ചെടുക്കുന്ന തീരുമാനം മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചുപോരുന്നത്.
കബളിപ്പിക്കുന്ന വാർത്തകളിലും ഊഹങ്ങളിലും കുടുങ്ങാതെ വിശ്വസനീയമായ യഥാർഥ സ്രോതസിൽ നിന്ന് വാർത്ത സ്വീകരിക്കണമെന്നും തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്പോൺസർഷിപ്പ് നിയമം ഒഴിവാക്കുന്നു എന്ന നിലയിൽ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തൊഴിൽ മന്ത്രാലയം വിശദീരണവുമായി രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല