ലണ്ടന്‍: വീടിന്റെ ഒരു ഭാഗം വിദേശത്തുനിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് താമസിക്കാനായി വാടകയ്ക്ക് നല്‍കുന്ന രീതിയായ സ്‌ക്വാറ്റിംഗിനെതിരേ യുകെയിലും വെയില്‍സിലും കര്‍ശനടനടപടി. സ്‌ക്വാറ്റിംഗ് ഇന്നുമുതല്‍ യുകെയില്‍ ക്രിമിനല്‍ കുറ്റമായാണ് പരിഗണിക്കുന്നത്. നിയമലംഘകര്‍ക്ക് ആറുമാസം തടവും അരലക്ഷം പൗണ്ടുവരെ പിഴയും ഇനി മുതല്‍ നല്‌കേണ്ടിവരും. ഇതോടെ യുകെയിലെ നിരവധി മലയാളികള്‍ താമസസ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് എന്‍ആര്‍ഐ മലയാളി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ വംശജര്‍ക്കുപുറമേ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആയിരങ്ങളാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.
വെസ്റ്റ് ലണ്ടനില്‍ ഇത്തരം ചില വീടുകളില്‍ അടുത്തിടെ എമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീനും ഭവനമന്ത്രി ഗ്രാന്റ് ഷാപ്‌സും മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആറു വീടുകളിലായി 16 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയാണ് മന്ത്രിമാര്‍ക്ക് കാണാനായി. അപായകരമായ സാഹചര്യങ്ങളിലാണ് ഇവര്‍ ജീവിച്ചിരുന്നതെന്നും അധികൃതര്‍ പറഞ്ഞു. സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇത്തരം അനധികൃത താമസസ്ഥലങ്ങള്‍ അടച്ചുപൂട്ടിക്കാന്‍ പ്രാദേശിക കൗണ്‍സിലുകള്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
നേരത്തെ സ്‌ക്വാറ്റിംഗ് സംബന്ധിച്ച് വീട്ടുടമകളുടെ പരാതി സിവില്‍കോടതിയാണ് പരിഗണിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ അവ ക്രിമിനല്‍ കോടതിയിലേക്ക് മാറുകയാണ്. പ്രശ്‌നപരിഹാരത്തിനായി വീട്ടുടമസ്ഥര്‍ക്കും കൗണ്‍സിലുകള്‍ക്കും ഹൗസിംഗ് അസോസിയേഷനുകള്‍ക്കും നേരിട്ട് പോലീസിനെ സമീപിക്കാം. യുകെയിലെ ഭൂപ്രഭുക്കളുടെ നിരവധി കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത് അനധികൃത താമസക്കാര്‍ക്കായി ഉപയോഗിക്കുന്നത് അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല